മുത്തലാഖ് കേസിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം നിഷേധിക്കാനാവില്ല; ബന്ധുക്കൾക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യാനും കഴിയില്ലെന്ന് സുപ്രീംകോടതി

ന്യൂഡെൽഹി: മുത്തലാഖ് നിയമത്തിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്യുന്ന ക്രിമിനൽ കേസുകളിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം നിഷേധിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. എന്നാൽ മുൻകൂർ ജാമ്യം അനുവദിക്കുന്നതിന് മുമ്പ് പരാതിക്കാരിയായ മുസ്ലിം സ്ത്രീയുടെ വാദം കോടതി കേൾക്കണം. മുത്തലാഖ് നിയമപ്രകാരം ഭർത്താവിന്റെ ബന്ധുക്കൾക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി.

മുത്തലാഖ് നിയമപ്രകാരം കേരള പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആണ് സുപ്രീം കോടതി ഉത്തരവ്. പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം നിഷേധിക്കുന്നത് പോലെ മുത്തലാഖ് കേസിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം നിഷേധിക്കാൻ കഴിയില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി. പരാതികാരിക്ക് നോട്ടീസ് അയച്ച ശേഷം പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമോ എന്ന് തീരുമാനിക്കാൻ കോടതിക്ക് അധികാരം ഉണ്ടായിരിക്കുമെന്നും സുപ്രീം കോടതിയുടെ ഉത്തരവിൽ വിശദീകരിച്ചിട്ടുണ്ട്

മുത്തലാഖ് നിയമത്തിലെ 7 (സി) പ്രകാരം ഭർത്താവിന് എതിരെ മാത്രമേ കേസ് നിലനിൽക്കുകയുള്ളൂ. ഭർത്താവിന്റെ ബന്ധുക്കൾക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയില്ല എന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര, ഇന്ദിര ബാനർജി എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഭർത്താവും ഭർത്താവിന്റെ മാതാവും സ്ത്രീധന പീഡനം നടത്തി എന്നാരോപിച്ച് യുവതി നോർത്ത് പരവൂർ പൊലീസിന് നൽകിയ പരാതിയിൽ ആണ് കേസ്.

ഭർത്താവിനും ഭർത്താവിന്റെ മാതാവിനും മുൻകൂർ ജാമ്യം ഹൈക്കോടതി നിഷേധിച്ചിരുന്നു. 2016 മെയ് മാസം മുസ്ലിം വ്യക്തി നിയമപ്രകാരം വിവാഹിതരായെങ്കിലും 2017 മുതൽ ഭാര്യയുമായി അകന്നു കഴിയുകയാണെന്നായിരുന്നു ഭർത്താവ് സുപ്രീം കോടതിയിൽ ഉന്നയിച്ച വാദം. പള്ളി കമ്മിറ്റിക്ക് നൽകിയ പരാതിയിൽ സ്ത്രീധന പീഡനം നടത്തിയതായി യുവതി ആരോപിച്ചിരുന്നില്ല.

മുസ്ലിം വ്യക്തി നിയമപ്രകാരം മുത്തലാഖ് ചൊല്ലാതെ തനിക്ക് രണ്ടാമത് വിവാഹം കഴിക്കാൻ അവകാശം ഉണ്ട്. ആ അവകാശം വിനിയോഗിച്ച് കൊണ്ടാണ് 2020 ഓഗസ്റ്റിൽ രണ്ടാമത് വിവാഹം കഴിച്ചതെന്നും ഭർത്താവിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

അതിനാൽ തന്നെ മുത്തലാഖ് നിയമ പ്രകാരം ഉള്ള കേസ് നിലനിൽക്കില്ല എന്നാണ് മുൻ ഭർത്താവിന്റെ അഭിഭാഷകരുടെ വാദം. എന്നാൽ ഭർത്താവിനോട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി സ്ഥിരം ജാമ്യത്തിന് അപേക്ഷിക്കാൻ സുപ്രീം കോടതി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായ മുൻ ഭർത്താവിന് ജാമ്യം അനുവദിച്ചു. ഭർത്തവിന്റെ മാതാവിന് മുൻകൂർ ജാമ്യം അനുവദിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

ഭർത്താവിനും, മാതാവിനും വേണ്ടി അഭിഭാഷകൻ ഹാരിസ് ബീരാൻ ഹാജരായി. യുവതിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ വി ചിദംബരേഷ്, അഭിഭാഷകൻ ഹർഷാദ് ഹമീദ് എന്നിവർ ഹാജർ ആയി. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിങ് കോൺസൽ ജി. പ്രകാശ് ആണ് ഹാജരായത്.