ആദായനികുതി റിട്ടേൺ‌ സമർപ്പിക്കാനുള്ള അവസാനതീയതി നാളെ

ന്യൂഡെൽഹി: 2019-20 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ‌ സമർപ്പിക്കാനുള്ള അവസാനതീയതി നാളെ. ഡിസംബർ 31 ന് മുൻപ് റിട്ടേൺ സമർപ്പിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കും.

നിലവിൽ കൊറോണ വ്യാപന പശ്ചാത്തലത്തിൽ പിഴ ഒടുക്കാതെ റിട്ടേൺ സമർപ്പിക്കുന്നതിനുള്ള കാലാവധി ഒന്നിലധികം തവണകളായി ഡിസംബർ 31 വരെയാണ് നീട്ടിയത്. എന്നാൽ ഡിസംബർ 31നുള്ളിൽ റിട്ടേൺ സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ മുൻ വർഷങ്ങളിലെ പോലെ പതിനായിരം രൂപ പിഴ ഒടുക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

വരുമാനം അഞ്ച് ലക്ഷം രൂപയിൽ താഴെയെങ്കിൽ പിഴ 1000 രൂപ. അടയ്‌ക്കാനുള്ള നികുതിയിന്മേൽ മാസം 2% പലിശയും കൊടുക്കണം. അകാരണമായി വൈകുന്ന ഓഡിറ്റ് റിപ്പോർട്ടിനും പിഴയുണ്ട്.

2019 ഏപ്രിൽ 1 മുതൽ 2020 മാർച്ച് 31 വരെയുള്ള കാലയളവിലെ വരുമാനത്തിന്റെ നികുതിയാണ് ഫയൽ ചെയ്യേണ്ടത്. സ്വന്തം അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ട നികുതിദായകർ ആദായ നികുതി റിട്ടേൺ നൽകേണ്ട അവസാന തീയതി 2021 ജനുവരി 31 വരെ നീട്ടിയെന്നും പുതിയ പ്രസ്താവനയിൽ പറയുന്നു.