കർണാടകത്തിലെ ഗോവധനിരോധന നിയമ നീക്കത്തെ വെല്ലുവിളിച്ച് സിദ്ധരാമയ്യ

ബെംഗളുരു: കർണാടകത്തിലെ ഗോവധനിരോധന നിയമം വെല്ലുവിളിച്ച് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ രം​ഗത്ത്. താൻ കന്നുകാലി മാംസം കഴിക്കാറുള്ള ആളാണ്. അത് ചോദ്യം ചെയ്യാൻ നിങ്ങളാരാണ്? താനിത് അസംബ്ലിയിലും പറഞ്ഞിട്ടുള്ളതാണ്. നിങ്ങൾക്ക് കഴിക്കേണ്ട എന്നാണെങ്കിൽ നിങ്ങൾ കഴിക്കണ്ട, അതിനാരും നിർബന്ധിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

എന്ത് ഭക്ഷണം കഴിക്കണമെന്നത് തൻ്റെ അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ചില വിഷയങ്ങളിൽ പ്രതികരിക്കാനുള്ള പാർട്ടി നേതാക്കന്മാരുടെ ധൈര്യമില്ലായ്മയെ രൂക്ഷമായി വിമർശിച്ചാണ് സിദ്ധരാമയ്യുടെ പ്രസ്താവന. തനിക്ക് ഒപ്പമുള്ളവർ തന്നെ തിരിച്ചടികൾ ഭയന്നാണ് ഈ വിഷയം ചർച്ച ചെയ്യാത്തതെന്നും സിദ്ധരാമ്മയ്യ പറയുന്നു.

മറ്റുള്ളവർ എന്താണ് ശരിയെന്ന് പറയുന്നത് എന്നതിനേക്കുറിച്ചാണ് ആളുകൾ ആശങ്കപ്പെടുന്നത്. ഇത്തരം ആശയക്കുഴപ്പങ്ങളിൽ നിന്ന് പുറത്ത് വരണമെന്നും സിദ്ധരാമയ്യ പാർട്ടി അംഗങ്ങളോട് പറഞ്ഞു.

എന്ത് കഴിക്കണം എന്നുള്ളത് എൻ്റെ അവകാശമാണ് അത് ചോദിക്കാൻ നിങ്ങൾ ആരാണെന്നും സിദ്ധരാമയ്യ ചോദിക്കുന്നു. എനിക്ക് കന്നുകാലി മാംസം ഇഷ്ടമാണ് അതുകൊണ്ടാണ് കഴിക്കുന്നതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഇത്തര വിഷയങ്ങൾ ചർച്ച ചെയ്യാൻ പാർട്ടിയിലുള്ളവർ തന്നെ വിമുഖത കാണിക്കുന്നുവെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

ഗോവധ നിരോധന നിയമം വന്നാൽ പ്രായമായ പശുക്കളെ കർഷകർ എത് ചെയ്യണം. ഒരു കന്നുകാലിയെ പരിപാലിക്കാൻ കുറഞ്ഞത് നൂറ് രൂപയെങ്കിലും നിത്യേന ചെലവിടേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഈ പണം ആര് നൽകും. ഗോവധ നിരോധന നിയമം പാസാക്കാനായി ഓർഡിനൻസ് കൊണ്ടുവരാനുള്ള നീക്കവുമായി കർണാടക സർക്കാർ മുന്നോട്ട് പോകുമ്പോഴാണ് സിദ്ധരാമയ്യയുടെ രൂക്ഷ വിമർശനം എത്തുന്നത്.