ഉത്തർപ്രദേശിന് പിന്നാലെ മതപരിവർത്തനത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ മധ്യപ്രദേശ് സ‍‍ർക്കാർ

ഭോപ്പാൽ: ഉത്തർപ്രദേശിന് പിന്നാലെ മതപരിവർത്തനത്തിന് കർശന നിയന്ത്രണമേർപ്പെടുത്തി നിയമം കൊണ്ടുവരാൻ മധ്യപ്രദേശ് സര്‍ക്കാരും തീരുമാനിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പത്ത് വര്‍ഷം വരെയാണ് ശിക്ഷ. ഇതിനായുള്ള ബില്ല് നിയമസഭയിൽ അവതരിപ്പിക്കാൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു.

സ്ത്രീകൾ, സംവരണ വിഭാഗത്തിൽപ്പെട്ട ആളുകൾ എന്നിവരിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചാൽ രണ്ട് മുതൽ പത്ത് വര്‍ഷം വരെ തടവും കുറഞ്ഞത് അൻപതിനായിരം രൂപ പിഴയും ശിക്ഷ ലഭിക്കും. ഇപ്പോൾ സംസ്ഥാനത്ത് നിലവിലുള്ള 1968ലെ നിയമത്തിൽ ഭേദഗതി കൊണ്ടുവരാനാണ് തീരുമാനം.

നിര്‍ബന്ധിത മതപരിവർത്തനത്തിനെതിരെ നിയമനിർമ്മാണവുമായി മുന്നോട്ട് പോകുകയാണ് ബിജെപി സംസ്ഥാനങ്ങൾ. മധ്യപ്രദേശ് സർക്കാർ തയ്യാറാക്കിയ മതസ്വാതന്ത്ര്യ ബില്ലിന്‍റെ കരട് പ്രകാരം ഒരാളെ മതപരിവര്‍ത്തനത്തിന് നിർബന്ധിക്കുന്നത് അഞ്ച് വർഷം വരെ തടവും 25000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

യുപിയിലെ നിയമത്തിലേത് പോലെ സ്വന്തം ഇഷ്ടപ്രകാരം മതപരിവർത്തനം നടത്തുന്നയാൾ ജില്ലാ മജിസ്ട്രേറ്റിന് റിപ്പോർട്ട് നൽകണമെന്ന നിബന്ധന മധ്യപ്രദേശിലെ ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ല. പകരം മതപരിവര്‍ത്തനത്തിനായി ഏത് പുരോഹിതനെയാണോ സമീപിക്കുന്നത് അവർ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചാൽ മതി.