ന്യൂഡെൽഹി: വ്യവസ്ഥകൾ വച്ച് കേന്ദ്ര സർക്കാരുമായി ഡിസംബർ 29-ന് ചർച്ചയ്ക്ക് തയ്യാറാണെന്ന് കർഷക സംഘടനകൾ. സിംഘു അതിർത്തിയിൽ കർഷക സംഘടനകൾ ചേർന്ന യോഗത്തിലാണ് തീരുമാനം.
എന്നാൽ, നാല് നിബന്ധനകൾ കർഷക സംഘടനകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. നേരത്തേ നടന്ന ചർച്ചകളിൽ സർക്കാർ ഉപാധികൾ മുന്നോട്ടുവെച്ചപ്പോൾ ഇപ്പോൾ, ചർച്ചയ്ക്ക് മുമ്പായി കർഷകർ ഉപാധികൾ മുന്നോട്ടുവെച്ചിരിക്കുകയാണ്.
പുതിയ കാർഷിക പരിഷ്കരണ നിയമങ്ങൾ റദ്ദാക്കുന്നതിനുളള നടപടികൾ, താങ്ങുവിലയിൽ ഉളള രേഖാമൂലമുളള ഉറപ്പിന്റെ നടപടിക്രമവും വ്യവസ്ഥ, വായുമലിനീകരണ ഓർഡിനൻസിന്റെ ഭേദഗതികൾ, വൈദ്യുതി ഭേദഗതി ബില്ലിന്റെ കരടിൽ ആവശ്യമായ മാറ്റങ്ങൾ എന്നീ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യമാണ് കർഷകർ മുന്നോട്ട് വെച്ചിരിക്കുന്നത്.
ഇത് കൂടാതെ കൃഷി മന്ത്രാലയ ജോയിന്റ് സെക്രട്ടറിക്ക് അയച്ച കത്തിൽ കർഷർ തങ്ങളുടെ പ്രതിഷേധവും രേഖപ്പെടുത്തിയിട്ടുണ്ട്. സർക്കാർ മനഃപൂർവം കർഷകർക്കെതിരേ വ്യാജപ്രചരണങ്ങൾ കർഷകർക്കെതിരേ നടത്തുന്നു എന്നാണ് കത്തിൽ ആരോപിച്ചിരിക്കുന്നത്. ഒരു ഘട്ടത്തിലും നിയമത്തിൽ ഭേദഗതി വേണമെന്ന് കർഷകർ ആവശ്യപ്പെട്ടിട്ടില്ല മറിച്ച്, മൂന്നു നിയമങ്ങളും പിൻവലിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
സർക്കാരാണ് ഭേദഗതി നിർദേശം മുന്നോട്ടുവെച്ചത്. എന്നാൽ, മന്ത്രിമാർ കർഷകർ ഭേദഗതി നിർദേശങ്ങൾ മുന്നോട്ടുവെച്ചെന്ന രീതിയിൽ പ്രചാരണം നടത്തുന്നുണ്ട്.
വസ്തുതകൾ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ ശ്രമിച്ചത് ദൗർഭാഗ്യകരം. മുഴുവൻ സംവിധാനങ്ങളും ഉപയോഗിച്ച് കർഷകർക്കെതിരായി നടത്തുന്ന പ്രചാരണം അവസാനിപ്പിക്കണമെന്നും കത്തിൽ കർഷകർ ആവശ്യപ്പെട്ടു.
പ്രതിപക്ഷം കർഷകർക്കിടയിൽ തെറ്റിദ്ധാരണകൾ പടർത്തുകയാണെന്നും നുണപ്രചാരണം നടത്തുകയാണെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചിരുന്നു. ഇത്തരം വ്യാജപ്രചാരണങ്ങളിൽ വീണുപോകരുതെന്നും അദ്ദേഹം കർഷകരോട് ആവശ്യപ്പെട്ടിരുന്നു.
കാർഷിക നിയമങ്ങൾ ഒരു വർഷത്തേക്ക് നടപ്പാക്കാൻ അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാജ്നാഥ് സിങും ആവശ്യപ്പെട്ടിരുന്നു.
നിയമങ്ങൾ കർഷകർക്ക് പ്രയോജനകരമല്ലെങ്കിൽ ഭേദഗതികൾ വരുത്താമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.