തൃണമൂൽ കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്: നാല് മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തില്ല

കൊൽക്കത്ത: സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച തൃണമൂൽ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നതിന് പിന്നാലെ കൂടുതൽ നേതാക്കൾ ഇതേ പാതയിലേക്കെന്ന് സൂചന. ചൊവ്വാഴ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ നാല് മന്ത്രിമാർ പങ്കെടുത്തില്ല. ഇത് അടുത്ത ദിവസങ്ങളിൽ കൂടുതൽ രാജിയുണ്ടാകുമെന്ന അഭ്യൂഹകൾക്കിടയാക്കി.

റജിബ് ബാനർജി, രബീന്ദ്രനാഥ് ഘോഷ്, ഗൗതം ദേബ്, ചന്ദ്രാനന്ദ് സിൻഹ എന്നീ മന്ത്രിമാരാണ് ചൊവ്വാഴ്ച കൊൽക്കത്തയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലേക്ക് എത്താതിരുന്നത്. യോഗത്തിൽ പങ്കെടുക്കാത്തത് സംബന്ധിച്ച് മൂന്ന് മന്ത്രിമാർ പാർട്ടിക്ക് കൃത്യമായ കാരണം ബോധിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം വനംമന്ത്രി റജിബ് ബാനർജിയുടെ അസാന്നിധ്യം ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. തൃണമൂൽ കോൺഗ്രസ് നേതൃത്വവുമായി തനിക്കുള്ള അതൃപ്തി അദ്ദേഹം നേരത്തെ പരസ്യമാക്കിയിരുന്നു. സുവേന്ദു അധികാരി ഉയർത്തിക്കാട്ടിയ അതേ പ്രശ്നങ്ങളാണ് റജിബ് ബാനർജിയും കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. മമതയുടെ അനന്തരവൻ അഭിഷേക് ബാനർജിയുമായി ബന്ധപ്പെട്ടാണ് പ്രധാന പ്രശ്നം.

ഇതിനിടെ റജിബ് ബാനർജിയുമായി അനുരഞ്ജന ശ്രമങ്ങളും തൃണമൂൽ കോൺഗ്രസ് നേതാക്കൾ നടത്തിയിരുന്നു. തൃണമൂൽ കോൺഗ്രസ് സെക്രട്ടറി ജനറൽ പാർഥ ചാറ്റർജിയുമായി തിങ്കളാഴ്ച അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരാഴ്ചക്കിടെ പാർഥ ചാറ്റർജിയുമായി നടത്തുന്ന രണ്ടാമത്തെ ചർച്ചയായിരുന്നു അത്.

തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും ചർച്ചകളിൽ പങ്കെടുത്തിരുന്നതായാണ് റിപ്പോർട്ട്. എന്നാൽ ചൊവ്വാഴ്ച റജിബ് ബാനർജി മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിന്നതോടെ അദ്ദേഹത്തിന്റെ നീക്കങ്ങൾ സംശയത്തോടെയാണ് തൃണമൂൽ കാണുന്നത്.

കഴിഞ്ഞ ആഴ്ച അമിത് ഷായുടെ സാന്നിധ്യത്തിൽ തൃണമൂൽ മന്ത്രിയായിരുന്ന സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ എംഎൽഎമാരും എംപിമാരും ഉൾപ്പടെ 34 ഓളം നേതാക്കളാണ് ബിജെപിയിൽ ചേർന്നത്.