വാർത്താവിനിമയ രംഗത്ത് കുതിച്ചുചാട്ടത്തിന് ഇന്ത്യ; സിഎംഎസ്-01 വിക്ഷേപിച്ചു

ചെന്നൈ: അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ് -01 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിൽനിന്ന് പിഎസ്എൽവി റോക്കറ്റിൽ വൈകുന്നേരം 3.41-നായിരുന്നു വിക്ഷേപണം.

വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തിൽ ഉപഗ്രഹം റോക്കറ്റിൽനിന്ന് വേർപെട്ടുവെന്നും സിഎംഎസ്-01 ഓർബിറ്റിൽ പ്രവേശിച്ചുവെന്നും ഐഎസ്ആർഒ അറിയിച്ചു. ഇന്ത്യയുടെ 42-ാമത്തെ വാർത്താവിനിമയ ഉപഗ്രഹമാണ് സിഎംഎസ്-01.

പി.എസ്.എൽ.വി.യുടെ 52-ാമത്തെയും ശ്രീഹരിക്കോട്ടയിൽനിന്നുള്ള 77-ാമത്തെയും വിക്ഷേപണമാണിത്. സി.എം.എസ്. 01-ന് 1410 കിലോ ഗ്രാം ഭാരമുണ്ട്. 2011-ൽ വിക്ഷേപിച്ച ജി സാറ്റ് 12-ന് പകരമായാണ് സിഎംഎസ് -01 വിക്ഷേപിക്കുന്നത്.

ഇന്ത്യൻ ഉപഭൂഖണ്ഡം, അന്തമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വാർത്താവിനിമയ മേഖലയിലെ സേവനങ്ങൾ വർധിപ്പിക്കുന്നതിനും ഈ വിക്ഷേപണം നിർണായകമാകും. ടെലിവിഷൻ, ടെലി എജ്യുക്കേഷൻ, ടെലി മെഡിസിൻ, ദുരന്തനിവാരണം തുടങ്ങിയ മേഖലയ്ക്ക് ഉപഗ്രഹം സഹായകമാകും.

ഐഎസ്ആർഒയുടെ ഈ വർഷത്തെ രണ്ടാമത്തെ വിക്ഷേപണമാണിത്. ഇക്കൊല്ലം നിരവധി വിക്ഷേപണങ്ങൾ നടത്താൻ ഐഎസ് ആർ ഒ ഉദ്ദേശിച്ചിരുന്നെങ്കിലും കൊറോണ സാഹചര്യത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ഇഒഎസ്.-01 എന്ന ഉപഗ്രഹമാണ് ഇക്കൊല്ലം വിക്ഷേപിച്ച മറ്റൊരു ഉപഗ്രഹം. കൃഷി, ആശയവിനിമയ മേഖലകളിൽ മികവു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ഈ വിക്ഷേപണം.