മുംബൈ: ഹൃതിക് റോഷൻ 2016 ൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ സൈബർ സെല്ലിൽ നിന്ന് ക്രൈംബ്രാഞ്ച് സി.ഐ.യു (ക്രൈം ഇൻറലിജൻസ് യൂണിറ്റ്) വിലേക്ക് മാറ്റി. 2013 ലും 2014 ലും കങ്കണ റണാവത്തിൻ്റെ ഇമെയിൽ ഐഡിയിൽ നിന്ന് തനിക്ക് നൂറുകണക്കിന് ഇമെയിലുകൾ ലഭിച്ചിരുന്നതായി ഹൃതിക് റോഷൻ അവകാശപ്പെട്ടിരുന്നു. അതിൻ്റെ ഭാഗമായി 2016 ൽ അദ്ദേഹം സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു.
സെക്ഷൻ 419 ഐപിസി പ്രകാരം പേര് വെളിപ്പെടുത്താത്ത ഒരാൾക്കെതിരെയാണ് ഹൃത്വിക് റോഷൻ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. അതേസമയം, കേസിൻ്റെ അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന അഭിഭാഷകൻ മഹേഷ് ജെത്മലാനി പോലീസ് കമ്മീഷണർക്ക് കത്ത് നൽകിയിരുന്നു.
എന്നാൽ, കേസിൻ്റെ പുരോഗതിയുമായി ബന്ധപ്പെട്ട് നടി കങ്കണ മറുപടിയുമായി എത്തി. ‘അയാളുടെ കദന കഥ വീണ്ടും തുടങ്ങി… ഞങ്ങൾ തമ്മിലുള്ള ബ്രേക്കപ്പും അയാളുടെ വിവാഹ മോചനവും കഴിഞ്ഞ് ഒരുപാട് വർഷങ്ങളായിട്ടും ജീവിതം മുന്നോട്ടു നീക്കാൻ അയാൾ തയാറാകുന്നില്ല. മറ്റൊരു സ്ത്രീയെ ഡേറ്റ് ചെയ്യാനും ശ്രമിക്കുന്നില്ല. എൻ്റെ ജീവിതത്തിൽ എന്തെങ്കിലും പ്രതീക്ഷ കണ്ടെത്താൻ ഞാൻ ധൈര്യം ശേഖരിക്കുമ്പോൾ, അവൻ വീണ്ടും അതേ നാടകം ആരംഭിക്കുന്നു…. ഹൃതിക് ഇത്ര ചെറിയ ബന്ധത്തിൻ്റെ പേരിൽ എത്ര കാലം കരഞ്ഞുകൊണ്ടിരിക്കും. -കങ്കണ ട്വിറ്ററിൽ കുറിച്ചു.
കങ്കണ-ഹൃതിക് പോരിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 2014ലായിരുന്നു ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകർ പുറത്തുവരുന്നത്. എന്നാൽ, നടൻ അത് നിഷേധിച്ച് രംഗത്തുവന്നിരുന്നു. തൻ്റെ ഇമെയില്‍ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് ചോര്‍ത്തിയെന്ന് കങ്കണ ആരോപിച്ചു. തുടര്‍ന്ന് പോലീസില്‍ പരാതിയും നല്‍കി.
തൻ്റെ പേരുപയോഗിച്ച് കങ്കണയെ ആരെങ്കിലും കബളിപ്പിച്ചുവെങ്കില്‍ അവര്‍ക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൃതിക്കും പൊലീസിനെ സമീപിച്ചു. എന്നാല്‍ ഹൃതികിനെതിരേ തെളിവ് ലഭിക്കാത്തതിനാല്‍ പൊലീസ് ആ കേസില്‍ നടപടി എടുത്തില്ല. പിന്നീട് കങ്കണ പല പൊതു വേദികളിലും അഭിമുഖങ്ങളിലും ഹൃതിക്കിനെതിരേ രംഗത്ത് വന്നിട്ടുണ്ട്.