ന്യൂഡെൽഹി: സെപ്റ്റംബറിൽ പാർലമെന്റ്പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാൻ യൂണിയൻ സുപ്രീം കോടതിയിൽ ഹർജി നൽകി. മൂന്ന് നിയമങ്ങളും കർഷകരെ കോർപ്പറേറ്റ് അത്യാഗ്രഹത്തിന് ഇരയാക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റ് ഭാനു പ്രതാപ് സിംഗ് ഹരജിയിൽ ചൂണ്ടിക്കാട്ടി. മതിയായ ചർച്ചകളില്ലാതെയാണ് നിയമങ്ങൾ പാസാക്കിയതെന്നും ഇവർ ആരോപിച്ചു.
നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകർ ആഴ്ചകളായി പ്രതിഷേധിക്കുകയാണ്. സെപ്റ്റംബറിൽ പാർലമെൻറ് പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം കനത്തതോടെ സുപ്രീംകോടതി കേന്ദ്രസർക്കാറിന് നോട്ടീസ് നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാറിന്റെ ഓർഡിനൻസുകളായി ജൂണിലാണ് ഇവ ആദ്യമായി അവതരിപ്പിച്ചത്. ഇത് നിയമമായി മാറിയതോടെ പഞ്ചാബിലെയടക്കം കർഷക സംഘടനകൾ സമരവുമായി മുന്നോട്ടുവരികയായിരുന്നു.
കേന്ദ്ര സർക്കാർ കടുംപിടിത്തം തുടരുന്ന സാഹചര്യത്തിൽ പ്രക്ഷോഭം റെയിൽ തടയലുൾപ്പെടെയുള്ള രാജ്യവ്യാപക സമരമാക്കിമാറ്റാൻ ഒരുങ്ങുകയാണ് കർഷക സംഘടനകൾ. ഡൽഹിയിലെ അതിർത്തികളിലേക്ക് കൂടുതൽ സമരക്കാർ ഒഴുകിയെത്തുകയാണ്. സിംഘുവിൽ വ്യാഴാഴ്ച ചേർന്ന കർഷക നേതാക്കളുടെ യോഗമാണ് റെയിൽതടയൽ സമരത്തിലേക്ക് കടക്കാൻ തീരുമാനിച്ചത്.