നരേന്ദ്രമോദിയുടെ വിദേശയാത്രാ വിവരങ്ങൾ പരസ്യപ്പെടുത്താനാവില്ല; ഇന്ത്യൻ വ്യോമസേന ഹൈക്കോടതിയിൽ

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രാ വിവരങ്ങൾ പരസ്യപ്പെടുത്താനാവില്ലെന്ന് ഇന്ത്യൻ വ്യോമസേന ഡെൽഹി ഹൈക്കോടതിയെ അറിയിച്ചു. വിദേശത്തു പ്രധാനമന്ത്രിയെ അനുഗമിക്കുന്ന പ്രത്യേക സുരക്ഷാസംഘത്തിന്റെ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു പരസ്യപ്പെടുത്തിയാൽ രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുമെന്നും വ്യോമസേന ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിമാരായ ഡോ. മൻമോഹൻ സിങ്ങിന്റെയും നരേന്ദ്ര മോദിയുടെയും വിദേശയാത്രയിലെ എസ്ആർഎഫ്-11 സർട്ടിഫൈഡ് പകർപ്പുകൾ ആവശ്യപ്പെട്ടാണു വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സ്‌പെഷൽ ഫ്‌ളൈറ്റ് റിട്ടേൺസ് (എസ്ആർഎഫ്-11) വിവരങ്ങൾ നൽകണമെന്നുള്ള കേന്ദ്ര വിവരാവകാശ കമ്മിഷന്റെ നിർദേശത്തിനെതിരെയാണ് വ്യോമസേന കോടതിയെ സമീപിച്ചത്.

പ്രധാനമന്ത്രിയുടെ സുരക്ഷ ഏതു തരത്തിലാണു പ്രവർത്തിക്കുന്നതെന്ന എസ്ആർഎഫിലുണ്ടെന്നും പരസ്യപ്പെടുത്താനാവില്ലെന്നും വ്യോമസേന വ്യക്തമാക്കി.