നിയമം പിൻവലിക്കില്ല; ഭേദഗതിയാകാമെന്ന് കേന്ദ്രസർക്കാർ; സർക്കാർ കോർപറേറ്റുകളുടെ പിടിയിലെന്ന് കർഷക സംഘടനകൾ ; ചർച്ച വീണ്ടും പരാജയം

ന്യൂഡെൽ​ഹി: കർഷകരും കേന്ദ്രസർക്കാരും തമ്മിലുള്ള ഇന്നത്തെ ചർച്ചയും പരാജയം. മറ്റന്നാൾ വീണ്ടും ചർച്ച നടത്താമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇതിനോടുള്ള തീരുമാനം കർഷകർ അറിയിച്ചിട്ടില്ല. കേന്ദ്ര സർക്കാർ കോർപ്പറേറ്റ് ശക്തികളുടെ പിടിയിലാണെന്ന് യോഗത്തിൽ കർഷക സംഘടനകൾ ആരോപിച്ചു.

നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കേന്ദ്രസർക്കാർ പ്രതിനിധികൾ വാദിച്ചുവെങ്കിലും നിയമം പിൻവലിക്കുന്നില്ലെങ്കിൽ യോഗം മുന്നോട്ടുകൊണ്ടുപോകുന്നതിൽ അർത്ഥമില്ലെന്നായിരുന്നു കർഷക സംഘടനകളുടെ നിലപാട്. ഇക്കാര്യത്തിൽ നിലപാട് പിന്നീട് അറിയിക്കാമെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. ഇതേ തുടർന്ന് ചർച്ച അൽപസമയത്തേക്ക് നിർത്തിവെച്ചിരുന്നു.

പിന്നീട് വീണ്ടും യോഗം ആരംഭിച്ചപ്പോഴാണ് എട്ട് ഭേദഗതികളെന്ന നിലപാട് സർക്കാർ പറഞ്ഞത്. വിവാദ കാർഷിക നിയമം പിൻവലിക്കണമെന്ന നിലപാട് മയപ്പെടുത്തണമെന്നാണ് കേന്ദ്രസർക്കാർ കർഷകരോട് ആവശ്യപ്പെട്ടത്. കർഷക സംഘടനാ നേതാക്കളുമായുള്ള യോഗത്തിലായിരുന്നു അഭ്യർത്ഥന.

എട്ട് ഭേദഗതികൾ വരുത്താമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നിയമത്തിൽ ഭേദഗതി വരുത്താമെന്ന നിലപാട് തങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് കർഷക സംഘടന നേതാക്കൾ പറഞ്ഞു. ഭേദഗതി കൊണ്ട് തങ്ങൾ മുന്നോട്ട് വെയ്ക്കുന്ന ആശങ്കകൾ പരിഹരിക്കപ്പെടില്ലെന്നും അവർ വ്യക്തമാക്കി.

കഴിഞ്ഞ യോഗത്തിൽ അംഗീകരിച്ച ആവശ്യങ്ങൾ കർഷകർക്ക് രേഖാമൂലം കേന്ദ്രസർക്കാർ എഴുതി നൽകി. കേന്ദ്ര സർക്കാർ ഇതുവരെ അംഗീകരിച്ച കാര്യങ്ങൾ രേഖാമൂലം എഴുതി നൽകണമെന്ന് കർഷകസംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ചർച്ച അധികം നീട്ടേണ്ടതില്ലെന്നും സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും യോഗത്തിൽ സംഘടനകൾ ആവശ്യപ്പെട്ടു. ഇതോടെയാണ് കഴിഞ്ഞ യോഗത്തിന്റെ തീരുമാനങ്ങൾ രേഖാമൂലം സർക്കാർ കർഷകർക്ക് നൽകിയത്.