ശംഖുമുഖത്തെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത് കൂറ്റന്‍ തിമിം​ഗല സ്രാവ്

തിരുവനന്തപുരം: ശംഖുമുഖത്തെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത് കൂറ്റന്‍ തിമിം​ഗല സ്രാവ്. വലയില്‍ക്കുടുങ്ങിയ തിമിംഗില സ്രാവിനെ മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് മടക്കിയയച്ചു‌. സാധാരണ വലയില്‍ക്കുടുങ്ങുന്ന തിമിംഗില സ്രാവുകളെ കൊന്നു തിന്നുകയാണു പതിവ്. എന്നാല്‍, മത്സ്യത്തൊഴിലാളികള്‍ മണിക്കൂറുകളോളം ശ്രമിച്ച്‌ ഇതിനെ തിരികെ വിട്ടു.

കേരളത്തില്‍ ഇത് മൂന്നാം തവണയാണ് തിമിംഗില സ്രാവിനെ രക്ഷിച്ച്‌ കടലില്‍ വിടുന്നതെന്ന് ട്രസ്റ്റിന്റെ പോളിസി ആന്‍ഡ് മറൈന്‍ വിഭാഗം മേധാവി സാജന്‍ ജോണ്‍ പറഞ്ഞു. മുമ്ബ് കോഴിക്കോട്ടും പൊന്നാനിയിലുമാണ് തിമിംഗില സ്രാവുകളെ രക്ഷിച്ചത്.

വംശനാശ ഭീഷണി നേരിടുന്നവയാണ് തിമിം​ഗല സ്രാവുകള്‍. ആനയെയും കടുവയെയും പോലെ സംരക്ഷിത വിഭാഗത്തിലുള്ളവയാണിവ. അറിയപ്പെടുന്ന ഏറ്റവും വലിയ തിമിംഗില സ്രാവിന്റെ വലിപ്പം 18.8 മീറ്ററാണ്.

സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍ മത്സ്യത്തൊഴിലാളികളുടെ ഈ പ്രവൃത്തിയെ അഭിനന്ദിച്ചു. ഇവരുടെ മഹാമനസ്കതയെയും പാരിസ്ഥിതിക അവബോധത്തെയും സമൂഹം അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.തിമിംഗില സ്രാവിനെ രക്ഷിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പതിനായിരം രൂപ സമ്മാനം നല്‍കുമെന്ന് ട്രസ്റ്റ് സിഇഒ വിവേക് മേനോന്‍ അറിയിച്ചു.