ഇന്ത്യാ- അമേരിക്കൻ ബന്ധം ശക്തിപ്പെടുത്താൻ 90 ദശലക്ഷം ഡോളറിന്റെ സൈനിക കരാറിന് യുഎസ് അനുമതി

വാഷിങ്ടൺ: ഇന്ത്യാ- അമേരിക്കൻ ബന്ധം ശക്തിപ്പെടുത്താൻ 90 ദശലക്ഷം ഡോളർ ( 66.34 കോടി ഇന്ത്യൻ രൂപ) വിലവരുന്ന സൈനിക ഉപകരണങ്ങളും സേവനങ്ങളും ഇന്ത്യക്ക് നൽകാനുള്ള കരാറിന് യുഎസ് അധികൃതർ അനുമതി നൽകി.

ഈ കരാറിലൂടെ യുഎസ്- ഇന്ത്യൻ ബന്ധത്തെ ശക്തിപ്പെടുത്തുന്നതിനും പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുകയാണെന്നും അത് യുഎസിന്റെ വിദേശനയത്തിനും ദേശീയ സുരക്ഷയ്ക്കും പിന്തുണ നൽകുമെന്നും യുഎസ് പ്രതിരോധ വകുപ്പിലെ ഡിഫൻസ് സെക്യൂരിറ്റി കോർപറേഷൻ ഏജൻസി പറഞ്ഞു.

ഇന്തോ പസഫിക് മേഖലയിലും ദക്ഷിണേഷ്യൻ പ്രദേശത്തും രാഷ്ട്രീയ സ്ഥിരതയും സമാധാനവും സാമ്പത്തിക പുരോഗതിയും നിലനിർത്തുന്ന പ്രധാന ശക്തിയായി തുടരുകയാണ് ഇന്ത്യയെന്നും ഡിഫൻസ് സെക്യൂരിറ്റി കോർപറേഷൻ ഏജൻസി ചൂണ്ടിക്കാണിച്ചു.

ഇതുവഴി ഇന്ത്യൻ വ്യോമസേനയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നേരത്തേ ഇന്ത്യ കരസ്ഥമാക്കിയ സി-130ജെ സൂപ്പർ ഹെർക്കുലീസ് മിലിട്ടറി ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കും. ഈ സൈനിക ഗതാഗത വിമാനങ്ങളുടെ ഹാർഡ് വെയറുകളും സർവീസും മറ്റ് അനുബന്ധ സൗകര്യങ്ങളും ഇന്ത്യയ്ക്ക് നൽകാൻ കരാറിലൂടെ സാധിക്കുമെന്ന് പെന്റഗൺ പറഞ്ഞു. എല്ലായ്‌പ്പോഴും ദൗത്യത്തിന് പൂർണസജ്ജമായി നിൽക്കുന്നതിന് ഇന്ത്യൻ വ്യോമസേനയെ ഇത് സഹായിക്കും.

എയർക്രാഫ്റ്റ് കൺസ്യൂമബിൾ സ്‌പെയേഴ്‌സ്, റിപ്പയർ-റിട്ടേൺ പാർട്ട്‌സ്, കാട്രിഡ്ജ് ആക്ടുവേറ്റഡ് ഡിവൈസസ്, പ്രോപ്പലന്റ് ആക്ടുവേറ്റഡ് ഡിവൈസസ്, ഫയർ എക്‌സിറ്റിഗ്വിഷർ കാട്രിഡ്ജ്‌സ് തുടങ്ങിയ സംവിധാനങ്ങളാണ് ഇന്ത്യ യുഎസിൽ നിന്ന് വാങ്ങുന്നത്.

2016-ൽ ഇന്ത്യയെ പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയായി അവരോധിച്ചുകൊണ്ട് യുഎസ് ഒരു സുപ്രധാന നീക്കം നടത്തിയിരുന്നു.ഇന്തോ-പസിഫിക്, ദക്ഷിണേഷ്യ മേഖലയിലെ സുസ്ഥിര വികസനത്തിനും സമാധാനത്തിനും ഇന്ത്യ ശ്രമം തുടരുന്നുണ്ടെന്നും യുഎസ് വിലയിരുത്തി.