നിലപാടിൽ ഉറച്ച് കേന്ദ്രസർക്കാരും കർഷകരും ; ചർച്ച പരാജയം; സമരം ശക്തമാക്കി കർഷകർ

ന്യൂഡെൽഹി: കേന്ദ്രസർക്കാരും കർഷകരും നിലപാടിൽ ഉറച്ച് നിന്നതോടെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാനായി കേന്ദ്ര സർക്കാർ വിളിച്ച ചർച്ച പരാജയപ്പെട്ടു. ഈ മാസം അഞ്ചിന് വീണ്ടും കർഷക നേതാക്കളുമായി കേന്ദ്ര സർക്കാർ വീണ്ടും ചർച്ച നടത്തും. ഇത് നാലാം തവണയാണ് സർക്കാരും സമരക്കാരും തമ്മിൽ ചർച്ച നടന്നത്.

ചർച്ചകളിൽ കർഷകർ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. സർക്കാരിന് തുറന്ന സമീപനം തന്നെയാണ് ഇക്കാര്യത്തിലുള്ളതെന്ന് പറയുമ്പോഴും കാർഷിക നിയമത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റണമെന്നാണ് നേതാക്കളോട് ആവശ്യപ്പെട്ടത്. തുറന്ന മനസോടെയാണ് കർഷകരുമായി ചർച്ച നടത്തിയതെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു.

പുതിയ നിയമങ്ങൾ പ്രകാരം എപിഎംസികൾ അവസാനിപ്പിക്കുമെന്നാണ് കർഷകർ ആശങ്കപ്പെടുന്നത്. എപി‌എം‌സി കൂടുതൽ ശക്തിപ്പെടുത്തുകയും അതിന്റെ ഉപയോഗം വർദ്ധിപ്പിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് സർക്കാർ ആലോചിക്കും. പുതിയ നിയമങ്ങൾ‌ എപി‌എം‌സിയുടെ പരിധിക്ക് പുറത്തുള്ള മണ്ടികൾക്കായി വ്യവസ്ഥ ചെയ്യുന്നതാണ്. അതിനാൽ, എ‌എം‌പി‌സി നിയമമനുസരിച്ച് സ്വകാര്യ സ്ഥാപനങ്ങൾക്കും മണ്ടികൾക്കും തുല്യ നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുമെന്നും കൃഷി മന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ സർക്കാർ സ്വന്തം നിലപാട് ന്യായീകരിക്കാനാണ് ശ്രമിച്ചതെന്ന് കർഷക നേതാക്കൾ കുറ്റപ്പെടുത്തി. നിയമ ഭേദഗതിയില്ലാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കർഷകർ. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച് ചേർക്കണമെന്ന ആവശ്യവും കർഷകർ മുന്നോട്ട് വയ്ക്കുന്നുണ്ട്.

അതേസമയം കൂടുതൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ സമരത്തിൽ അണിചേരുകയാണ്. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഡെൽഹിയിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഇതിനകം സമരത്തിലാണ്.