ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് സുശാന്ത് സിങ് രജപുതിനെ; രണ്ടാമൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

മുംബൈ: ഈ വര്‍ഷം ഇതുവരെ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞവരുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് യാഹൂ. 2020 കടന്നുപോകാന്‍ ഇനി ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് പട്ടിക പുറത്തുവിട്ടിരിക്കന്നത്.

പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ബോളിവുഡ് താരം സുശാന്ത് സിങ് രജപുതാണ്. എം എസ് ധോണിയുടെ ആത്മകഥ അവതരിപ്പിച്ച സിനിമയില്‍ ധോണിയായി വേഷമിട്ട സുശാന്തിന്റെ ആത്മഹത്യ ഇപ്പോഴും ദുരുഹമായി തുടരുകയാണ്. വലിയ രീതിയിലുള്ള ക്യാംപെയ്‌നുകളും പ്രതിഷേധങ്ങളും സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായിരുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പട്ടികയിലെ രണ്ടാമന്‍. റിയാ ചക്രവര്‍ത്തി,രാഹുല്‍ ഗാന്ധി,അമിത് ഷാ എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റുള്ളവര്‍. ഉദ്ധവ് താക്കറെ,അരവിന്ദ് കെജരിവാള്‍,മമത് ബാനര്‍ജി,അമിതാബ് ബച്ചന്‍,കങ്കണ രണാവത്ത് എന്നിവരാണ് ആദ്യ 10ലുള്‍പ്പെട്ടിരിക്കുന്ന മറ്റുള്ളവര്‍.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ മുന്‍ നായകന്‍ എംഎസ് ധോണിയാണ് മുന്നില്‍. മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ചതും ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ നായകനുമായ എം എസ് ധോണി വിരമിച്ചത് ഇക്കഴിഞ്ഞ ആഗസ്റ്റ് 15നാണ്.

2019ലെ ഏകദിന ലോകകപ്പിന് ശേഷം ടീമില്‍ നിന്ന് ഇടവേളയെടുത്ത ധോണിയുടെ മടങ്ങിവരവ് പ്രതീക്ഷിച്ചിരുന്നവരെ നിരാശപ്പെടുത്തിയായിരുന്നു രാത്രിയില്‍ അപ്രതീക്ഷിതമായി ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം. ലോക ക്രിക്കറ്റ് ഒന്നടങ്കം പ്രതികരിച്ച വാര്‍ത്തയായിരുന്നു ഇത്.

ലോക ക്രിക്കറ്റിനെ ഇത്രയുമധികം സ്വാധീനിച്ച മറ്റൊരു നായകനില്ലെന്ന് തന്നെ പറയാം. അതിനാല്‍ത്തന്നെ നിരവധിയാളുകളാണ് ധോണിയെക്കുറിച്ച് തിരഞ്ഞത്. ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞവരുടെ പട്ടികയില്‍ 11ാം സ്ഥാനത്താണ് ധോണിയുള്ളത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി 19ാം സ്ഥാനത്താണ്. ഐപിഎല്ലില്‍ ആര്‍സിബിയുടെ നായകനാണ് വിരാട് കോലി. ഇത്തവണയും ടീമിനെ കിരീടത്തിലേക്ക് എത്തിക്കാന്‍ കോലിക്ക് കഴിഞ്ഞില്ല. കൂടാതെ കോലിയെ സംബന്ധിച്ച് അത്ര മികച്ച വര്‍ഷമായിരുന്നില്ല 2020. വിരാട് അനുഷ്‌ക ദമ്പതികള്‍ തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ്. ഇതെല്ലാം കോലിയെ കൂടുതല്‍ ആളുകള്‍ തിരയാന്‍ കാരണമായി.

രാഷ്ട്രീയം, സാംസ്‌കാരികം, ക്രിക്കറ്റ്, സിനിമ തുടങ്ങിയ പ്രമുഖമായ മേഖലകളില്ലെല്ലാം നിരവധി വിവാദങ്ങള്‍ക്കും വിടവാങ്ങലുകള്‍ക്കുമെല്ലാം ഈ വര്‍ഷം സാക്ഷ്യം വഹിച്ചു.