അയോധ്യയിലെ സരയു നദിയിലൂടെ ആഡംബര നൗക ; ‘രാമായണ്‍ ക്രൂയിസ് സര്‍വീസ്’ ഒരുക്കി കേന്ദ്ര സർക്കാർ

ലഖ്നൗ: അയോധ്യ സന്ദർശിക്കുന്നവർക്ക് സരയു നദിയിലൂടെ ആഡംബര നൗക സർവീസ് സൗകര്യം ഒരുക്കാൻ കേന്ദ്രസർക്കാർ. ‘രാമായൺ ക്രൂയിസ് സർവീസ്’ എന്നു പേരിട്ടിരിക്കുന്ന ഈ സൗകര്യത്തിലൂടെ നഗരത്തിലെ വിവിധ ഘട്ടുകൾ കാണാൻ സന്ദർശകർക്ക് സാധിക്കും.

അയോധ്യയിലെ സരയു നദിയിലൂടെ ‘രാമായൺ ക്രൂയിസ് ടൂർ’ ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര തുറമുഖ വകുപ്പുമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. സരയു നദിയിലെ ആദ്യ ആഡംബര നൗക സർവീസ് ആയിരിക്കും ഇതെന്ന് വിഷയവുമായി ബന്ധപ്പെട്ട യോഗത്തിനു ശേഷം മൻസുഖ് മാണ്ഡവ്യ കൂട്ടിച്ചേർത്തു.

എല്ലാ വിധ ആഡംബര സൗകര്യങ്ങളും രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ആഡംബര നൗകയിലുണ്ടാകും. ‘രാമചരിതമാനസി’നെ അടിസ്ഥാനമാക്കിയാക്കും നൗകയുടെ ഉൾഭാഗവും ബോർഡിങ് പോയിന്റും സജ്ജീകരിക്കുക. ഒന്നു മുതൽ ഒന്നര മണിക്കൂർ വരെയായിരിക്കും സർവീസിന്റെ ദൈർഘ്യം.

പൂർണമായും എയർ കണ്ടീഷൻ ചെയ്ത നൗകയിൽ 80 സീറ്റുകളാകും ഉണ്ടാവുക. ഘട്ടുകളുടെ സൗന്ദര്യം ആസ്വദിക്കാനുള്ള സൗകര്യത്തിന് ചില്ല് ജനാലകളാകും നൗകയ്ക്കുണ്ടാവുക. യാത്രക്കാർക്ക് ഭക്ഷണം നൽകാനുള്ള പാൻട്രി സൗകര്യവും നൗകയ്ക്കുള്ളിലുണ്ടാകും. കൂടാതെ ബയോ ടോയ്ലെറ്റ് സൗകര്യവുമുണ്ടാകുമെന്ന് തുറമുഖ മന്ത്രാലയം വ്യക്തമാക്കി.

നൗകയ്ക്കുള്ളിൽ യാത്രക്കാർക്കായി രാമായണ കഥയെ അടിസ്ഥാനമാക്കിയ സിനിമകളും അനിമേഷനുകളും പ്രദർശിപ്പിക്കും. 15-16 കിലോമീറ്റർ ദൂരമാണ് നൗക സഞ്ചരിക്കുന്നത്. രാമായണത്തിലെ സന്ദർഭങ്ങളെ അടിസ്ഥാനപ്പെടുത്തിയ സെൽഫി പോയിന്റുകളും ഒരുക്കും.