ന്യൂഡെൽഹി: മെയ്ഡ് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പബ്ജിക്ക് പകരമായെത്തുന്ന ഫൗജി ഗെയിമിന്റെ പ്രീ-റെജിസ്ട്രേഷന് ആരംഭിച്ചു. ഹിന്ദിയില്‍ സൈന്യം, പട്ടാളക്കാരന് എന്നീ അർത്ഥം വരുന്ന ഫൗജി ഗെയിം തയ്യാറാക്കുന്നത് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍കോര്‍ ഗെയിംസ് ആണ്.
അധികം വൈകാതെ ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ നിന്നും ഗെയിം ഡൗണ്‍ലോഡ് ചെയ്യാം. ഫൗജി ഗെയിമിന്റെ ട്രെയിലർ കഴിഞ്ഞ മാസം പുറത്ത് വന്നിരുന്നു.
ഗെയിമിന്റെ വരവിന് മുന്നോടിയായി പ്രീ-രജിസ്ട്രേഷന് ആരംഭിച്ചു കഴിഞ്ഞതിനാൽ
ഗൂഗിള്‍ പ്ലേയ് സ്റ്റോറില്‍ ‘FAU-G: Fearless and United Guards’ തിരയുമ്പോള്‍ പ്രീ-രജിസ്റ്റര്‍ ചെയ്യാനുള്ള ഓപ്ഷന് കാണിക്കും.
പ്രീ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആപ്പ് ഗൂഗിള്‍ സ്റ്റോറില്‍ എത്തുന്ന മുറയ്ക്ക് പുഷ് നോട്ടിഫിക്കേഷന്‍ ലഭിക്കും.
ചില ഫോണുകളില്‍ ഡൗണ്‍ലോഡിങ്ങും ഇന്‍സ്റ്റാളിങ്ങും ഗെയിം പ്ലെ സ്റ്റോറില്‍ ലഭ്യമാകുമ്പോള്‍ തന്നെ നടക്കും.
നേരത്തെ, നവംബറിൽ ഗെയിം പുറത്തിറങ്ങുമെന്നാണ് ഡെവലപ്പർമാർ അറിയിച്ചിരുന്നത്. 20 കോടിയിലധികം ആളുകൾ ഗെയിം ഡൗൺലോഡ് ചെയ്യുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഗെയിമിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം തുക ഭാരത് കെ വീർ ട്രസ്റ്റിലേക്കായിരിക്കും എന്ന് അറിയിച്ചിരുന്നു.
അതേസമയം, പബ്ജി തിരികെ ഇന്ത്യയിൽ തിരികെ എത്തുകയാണ്. ഗെയിം ഡെവലപ്പർമാരായ പബ്ജി കോർപ്പറേഷൻ വിവരം ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യൻ ഉപയോക്താക്കൾക്കു വേണ്ടി പ്രത്യേകം വികസിപ്പിച്ച ഗെയിം ആണിത് എന്നാണ് അധികൃതർ അറിയിക്കുന്നത്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോർപ്പറേഷൻ ഉറപ്പുനൽകുന്നു.
ദക്ഷിണകൊറിയയിലെ ബ്ലൂഹോൾ എന്ന ഭീമൻ കമ്പനിയുടെ കീഴിലുള്ള ക്രാഫ്റ്റൺ എന്ന കമ്പനിയുടെ കീഴിലെ ബ്രാൻഡായ പബ്ജി കോർപ്പറേഷനാണ് ഈ ഗെയിമുകൾ നിർമ്മിച്ചിരിക്കുന്നത്. നേരത്തെ ചൈനീസ് കമ്പനിയായ ടെൻസൻ്റ് ഗെയിംസിൻ്റെ ചൈനയിലെ സർവറുകളിലാണ് ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ സൂക്ഷിച്ചിരുന്നത്. അതാണ് നിരോധനത്തിനു കാരണമായത്. ഇതിനു പിന്നാലെ ടെൻസെൻ്റിൽ നിന്ന് ഇന്ത്യയിലെ ഗെയിം വിതരണം പബ്ജി തിരികെ വാങ്ങിയിരുന്നു.