തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാലുദിവസം ചുഴലിക്കാറ്റും പെരുമഴയുമായിരിക്കുമെന്ന് മുന്നറിയിപ്പ്. തെക്കൻ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് കർശനമായി വിലക്കി. കടലിൽ പോയ ബോട്ടുകളും വള്ളങ്ങളും കരയ്ക്കടുപ്പിക്കാൻ ദുരന്ത നിവാരണ സേന നിർദേശം നൽകി.
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദമാണ് നാളെ ബുർവി ചുഴലിക്കാറ്റായി വീശുക കന്യാകുമാരിക്ക് ആയിരം കിലോമീറ്റർ അടുത്തെത്തിയ കാറ്റ് ശ്രീലങ്കയ്ക്കും ഇന്ത്യയുടെ തെക്കൻ തീരത്തിനുമിടയിലൂടെ അറബിക്കടലിലേക്കും അവിടെ നിന്ന് ഒമാൻ തീരത്തേക്കുമാണ് കുതിക്കുന്നത്. വഴിതിരിഞ്ഞ് ഇന്ത്യൻതീരത്തടിച്ചാൽ കൊടിയ നാശം വിതയ്ക്കും. നാലു ദിവസത്തേക്ക് ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റ് ഭീഷണിയിൽ സംസ്ഥാനത്ത് അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തീവ്രമഴ, വെള്ളപ്പൊക്കം, കടൽകയറ്റം എന്നിവയ്ക്ക് സാദ്ധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഡിസംബർ 3ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസം. 2ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 3ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും 4ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്.
ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ഡിസം.4 ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.