ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ലോക്നാഥ് ബെഹ്റയ്ക്ക് പകരം ക്രമാസമാധാനത്തിന്റെ ചുമതല മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥന് കൈമാറാൻ നിർദേശിക്കണമോയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുമായി ചർച്ച നടത്തുമെന്നും അന്തിമ തീരുമാനം ജനുവരി മധ്യത്തോടെ ഉണ്ടാകുമെന്നും കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി.
നിലവിൽ കേരളത്തിലെ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രമാസമാധാനത്തിന്റെ ചുമതലയുള്ള ഡിജിപി സ്ഥാനത്ത് മൂന്ന് വർഷം പൂർത്തിയാക്കി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിലെ ക്രമസമാധാന ചുമതല ഉൾപ്പടെയുള്ളവ മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥന് കൈമാറണമോ എന്ന കാര്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കുന്നത്.
കേന്ദ്ര സേനയെ ബൂത്തുകളിൽ വ്യന്യസിക്കുന്നത് ഉൾപ്പടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകൾ ഡിജിപി, എഡിജിപി റാങ്കിലുള്ള മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥന് കൈമാറണമോയെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.
കീഴ് വഴക്കം നിലവിലുണ്ടെങ്കിലും സാധാരണ ഗതിയിൽ പരാതി ഇല്ലാതെ ഉന്നത ഉദ്യോഗസ്ഥരെ മാറ്റാറില്ല. നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്ത് വരുന്നതിന് മുമ്പ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.
ജൂണിലാണ് ലോക്നാഥ് ബെഹ്റ വിരമിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് ചുമതല മറ്റൊരു ഉദ്യോഗസ്ഥന് നൽകുകയും ഭരണമാറ്റം ഉണ്ടാകുകയും ചെയ്താൽ ലോക്നാഥ് ബെഹ്റയ്ക്ക് ക്രമാസമാധാനത്തിന്റെ ചുമതലയിൽ ഇരുന്ന് കൊണ്ട് വിരമിക്കാൻ കഴിയില്ല എന്ന ആശങ്ക സർക്കാരിലെ ചില ഉന്നതർക്കുണ്ട്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകുന്നതിന് മുമ്പ് തന്നെ പൊതു-സ്വകാര്യ പങ്കാളിത്വത്തിലൂടെ രാജ്യാന്തര പ്രശസ്തി നേടിയ ഒരു സ്ഥാപനത്തിന്റെ തലപ്പത്തേക്ക് ലോക് നാഥ് ബെഹ്റയ്ക്ക് നിയമനം ലഭിച്ചേക്കും എന്നും സൂചനയുണ്ട്