അതിർത്തിയിൽ വെടിനിർത്തൽ ലംഘിച്ച് വീണ്ടും പാക്കിസ്ഥാൻ ആക്രമണം; രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീർ അതിർത്തിയിൽ പാക് സൈന്യം വെടിനിർത്തൽ ലംഘിച്ച് നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു. രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പിലാണ് നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവർ വീരമൃത്യുവരിച്ചത്. രജൗരിയിലെ സുന്ദർബനി സെക്‌ടറിലാണ് പാക് പ്രോകോപനമുണ്ടായത്.

അതിർത്തിയിൽ പാക് സൈന്യം വെടിനിർത്തൽ ലംഘിക്കുന്നത് പതിവായിരിക്കുയാണ്. കഴിഞ്ഞ വ്യാഴാഴ്ചയും ശനിയാഴ്ചയുമായി പാകിസ്താൻ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. പൂഞ്ചിൽ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാക് സൈന്യം പ്രകോപനമില്ലാതെ വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു പ്രദേശവാസിക്കും ജീവഹാനിയുണ്ടായി. രണ്ട് സ്ത്രീകൾ ഉൾപ്പടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

വ്യാഴാഴ്‌ച എച്ച്എം ടി മേഖലയിൽ സൈനികർക്ക് നേരെ ഭീകരർ നടത്തിയ വെടിവയ്‌പ്പിൽ രണ്ട് സൈനികർ മരണമടഞ്ഞിരുന്നു. നിയന്ത്രണരേഖയോട് ചേർന്നുള‌ള ഭാഗത്ത് പാകിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിൽ വ്യാഴാഴ്‌ച ഒരു ജൂനിയർ കമാന്റന്റ് ഓഫീസർ മരണമടഞ്ഞിരുന്നു.