ലഖ്‌നൗവിൽ നിരോധനാജ്ഞ; ആറു മാസത്തേക്ക് സമരങ്ങള്‍ പാടില്ല: എസ്മ പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍

ലഖ്നൗ: സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിലും കോർപറേഷനുകളിലും ആറുമാസത്തേക്ക് സമരങ്ങൾ തടഞ്ഞുകൊണ്ട് എസ്മ(എസൻഷ്യൽ സർവീസ് മെയിന്റനൻസ് ആക്ട്) പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് സർക്കാർ. 2021 മേയ് വരെയാണ് സമരങ്ങൾക്ക് നിരോധനം. ഗവർണർ ആനന്ദി ബെൻ പട്ടേലിൽനിന്ന് അനുമതി വാങ്ങിയതിനു ശേഷമാണ് സർക്കാർ എസ്മ പ്രഖ്യാപിച്ചത്.

അതേസമയം, സംസ്ഥാന തലസ്ഥാനമായ ലഖ്നൗവിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ ഒന്നുവരെയാണ് ലഖ്നൗവിലെ നിരോധനാജ്ഞയുടെ കാലാവധി. മുൻകരുതലുകൾ സ്വീകരിച്ചിട്ടും ലഖ്നൗവിൽ കൊറോണ കേസുകളിൽ വൻവർധനയുണ്ടാകുന്നത് മുൻനിർത്തിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നാണ് സർക്കാർ വക്താവിന്റെ പ്രതികരണം.

ജില്ലാ അധികൃതരെ മുൻകൂറായി അറിയിക്കാതെ ഒരു പരിപാടിക്കും അനുമതി ലഭിക്കില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ചില സംഘടനകൾ നവംബർ 26ലെ ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യുപി സർക്കാർ എസ്മ പ്രാബല്യത്തിൽ കൊണ്ടുവരാൻ തീരുമാനിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്.

എസ്മ ലംഘിച്ച് സമരത്തിന് ആഹ്വാനം ചെയ്യുന്നത് നിയമവിരുദ്ധമാണ്. എസ്മ ലംഘിക്കുന്നവർക്ക് ഒരു വർഷം വരെ തടവോ 1000 രൂപ പിഴയോ അല്ലെങ്കിൽ ഇതു രണ്ടുമോ ലഭിക്കാം. മുൻപ് 2020 മേയ് 22നും യോഗി സർക്കാർ എസ്മ പ്രാബല്യത്തിൽ കൊണ്ടുവന്നിരുന്നു.