കശ്മീരിലെ ഭീകരര്‍ക്ക് ആയുധങ്ങളും വെടിക്കോപ്പുകളും പഴയപോലെ എത്തിക്കാനാകുന്നില്ലെന്ന് ജെയ്‌ഷെ തലവൻ്റെ ശബ്ദസന്ദേശം

ശ്രീനഗര്‍ : പഴയതുപോലെ കശ്മീരിലെ ഭീകരര്‍ക്ക് ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കാനാകുന്നില്ലെന്ന് അറിയിക്കുന്ന ശബ്ദസന്ദേശം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തു. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ഓപ്പറേഷണല്‍ കമാന്‍ഡറും, സംഘടനയിലെ രണ്ടാമനുമായ മുഫ്തി റൗഫ് അസ്ഗര്‍ ഭീകരര്‍ക്ക് അയച്ച സന്ദേശമാണ് പിടിച്ചെടുത്തത്.

കശ്മീരിലെ നഗ്രോട്ടയിലെ ബെന്‍ ടോള്‍ പ്ലാസയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് ജെയ്‌ഷെ ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചതിന് പിന്നാലെയാണ് മുഫ്തി റൗഫ് ഭീകരര്‍ക്ക് ഈ സന്ദേശം അയച്ചത്. ആഗോള ഭീകരനും തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ സഹോദരനാണ് മുഫ്തി റൗഫ് അസ്ഗര്‍.

നട്ടെല്ലിലെ തകരാറിനെ തുടര്‍ന്ന് അസര്‍ മഹമൂദ് ഏറെക്കാലമായി ചികില്‍സയിലാണ്. അദ്ദേഹത്തിന്റെ അഭാവത്തില്‍ സംഘടനയെ നിയന്ത്രിക്കുന്നത് മുഫ്തി റൗഫ് അസ്ഗറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ കഴിഞ്ഞ മാസങ്ങളില്‍ നടന്ന നാലോളം ഭീകര പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം മുഫ്തി റൗഫിന്റേതായിരുന്നുവെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ സൂചിപ്പിക്കുന്നു.

നവംബര്‍ 19 ന് നടന്ന ഏറ്റുമുട്ടലില്‍ സൈന്യം ഭീകരരെ വധിച്ചത് മുഫ്തിക്ക് കനത്ത തിരിച്ചടിയായിരുന്നു. പാകിസ്ഥാനിലെ ഷക്കര്‍ഗാര്‍ഹില്‍ നിന്നും ഇന്ത്യയിലേക്കുള്ള 200 മീറ്റര്‍ ടണലും ബിഎസ്എഫ് കണ്ടെത്തിയിരുന്നു. 11 എ കെ 47 തോക്കുകള്‍, 3 പിസ്റ്റളുകള്‍, 29 ഗ്രനേഡുകള്‍ തുടങ്ങിയവ സൈന്യം റെയ്ഡില്‍ പിടികൂടിയിരുന്നു.