ചെന്നൈ: തീവ്ര ചുഴലിക്കാറ്റായി മാറിയ നിവാർ ഇന്ന് രാത്രിയോടെ തമിഴ്നാട് തീരം തൊടും. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള ട്രെയിൻ സർവ്വീസിലും മാറ്റമുണ്ട്. ഇന്ന് പുറപ്പെടുന്ന തിരുവനന്തപുരം-ചെന്നൈ മെയിൽ, ആലപ്പുഴ-ചെന്നൈ എക്സ്പ്രസ്സ് ട്രെയിനുകൾ ഈറോഡ് ജംഗ്ഷൻ വരെയും ഇന്ന് രാത്രി പുറപ്പെടുന്ന എറണാകുളം-കാരായ്ക്കൽ എക്സ്പ്രസ്സ് തിരുച്ചിറപ്പള്ളി ജംഗ്ഷൻ വരെയും മാത്രമേ സർവീസ് നടത്തുകയുള്ളു എന്ന് റെയിൽവേ അറിയിച്ചു.
കനത്ത മഴയിൽ ചെന്നൈ വെള്ളപ്പൊക്കെ ഭീഷണിയിലാണ്. പ്രദേശത്തെ കൂടുതൽ മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കുന്നത് പുരോഗമിക്കുകയാണ്. മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. 2018ലെ ഗജ ചുഴലിക്കാറ്റിനേക്കാൾ തീവ്രമാകുമെന്നാണ് മുന്നറിയിപ്പ്.
തമിഴ്നാട്ടിൽ പതിനഞ്ച് ജില്ലകളിൽ നിന്ന് എൺപതിനായിരത്തോളം പേരെ മാറ്റി പാർപ്പിച്ചു. സംസ്ഥാനത്തെ 13 ജില്ലകളിൽ പ്രഖ്യാപിച്ച പൊതുഅവധി നാളെ വരെ നീട്ടി. പൊതുഗാതാഗത സർവീസും ഉണ്ടാകില്ല. ചെന്നൈയിൽ നിന്നുള്ള 26 വിമാനങ്ങൾ കൂടി റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.