സാനിറ്റൈസര്‍ ഉപയോഗിച്ച് വോട്ടിങ് മഷി മായ്ക്കാനാകില്ല;കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്‍

ന്യൂഡെല്‍ഹി: ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് വോട്ടിങ് മഷി മായ്ക്കാനാകില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. കൊറോണ പ്രോട്ടോക്കോളിന്റെ ഭാഗമായി പോളിംഗ് ബൂത്തുകളില്‍ സാനിറ്റൈസര്‍ നിര്‍ബന്ധമാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഇങ്ങനെയൊരു സംശയം നിഴലിച്ചത്. എന്നാല്‍, വിരലില്‍ പുരട്ടുള്ള മഷി മായ്ക്കാന്‍ ഇത് ഉപകരിക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.

കര്‍ണാടക സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ മൈസൂര്‍ പെയിന്റ്‌സ് ആന്‍ഡ് വാര്‍ണിഷ് ലിമിറ്റഡില്‍ നിന്നും 86000 കുപ്പി മഷി വാങ്ങുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. മഷി വിരലില്‍ പുരട്ടുന്നതിന് മുന്‍പായി സാനിറ്റൈസര്‍ വാഷ്പീകരിച്ച് പോകുമെന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ ഒരു കൃത്രിമത്തിന് സാധ്യതയില്ല.

സില്‍വര്‍ നൈട്രേറ്റാണ് വോട്ടിംഗ് മഷിയിലെ പ്രധാന ഘടകം. അടയാളം നീണ്ടുനില്‍ക്കേണ്ട സമയപരിധി അനുസരിച്ച് മഷിയില്‍ പത്തു മുതല്‍ പതിനഞ്ച് ശതമാനം വരെ സില്‍വര്‍ നൈട്രേറ്റ് ചേര്‍ക്കുന്നുണ്ട്. ഈ സില്‍വര്‍ നൈട്രേറ്റ് സൂര്യപ്രകാശത്തിലെ അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യത്തില്‍ നഖത്തിലും ത്വക്കിലും ഉണങ്ങിപ്പിടിക്കുന്നു. തുടര്‍ന്ന് ഉണ്ടാകുന്ന അടയാളം രണ്ടാഴ്ച മുതല്‍ നാലാഴ്ച വരെ മായാതെ നില്‍ക്കും. തൊലിപ്പുറത്തെയും നഖത്തിലെയും കോശങ്ങള്‍ നശിച്ച് പുതിയവ രൂപപ്പെടുന്നതു വരെയും അടയാളം നീണ്ടു നില്‍ക്കാറുണ്ട്.

യൂണിയന്‍ ലോ മിനിസ്ട്രി, നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി, നാഷണല്‍ റിസര്‍ച്ച് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നിവയുമായി സഹകരിച്ച് 1962 മുതല്‍ എം.പി.വി.എല്‍. ആണ് ഇന്ത്യയ്ക്കായി വോട്ടിങ് മഷി നിര്‍മിച്ച് നല്‍കുന്നത്.