മനുഷ്യനിർമിത നാനോ പദാർഥങ്ങൾ, 2600 വർഷം മുമ്പ് ഉപയോഗിച്ചിരുന്നു; തെളിവുമായി പുരാവസ്തു ഗവേഷകർ

ചെന്നൈ: മനുഷ്യനിർമിതമായ നാനോ പദാർഥങ്ങൾ, 2600 വർഷം മുമ്പ് ഉപയോഗിച്ചിരുന്നതിന് തെളിവുമായി പുരാവസ്തു ഗവേഷകർ. തമിഴ്നാട്ടിലെ കീലാടി ഉത്ഖനനകേന്ദ്രത്തിൽ നിന്നാണ് മനുഷ്യർ ‘നാനോവിദ്യകൾ’ ഉപയോഗിച്ചതിന് ഇതുവരെ ലഭിച്ചതിൽ ഏറ്റവും പഴക്കമേറിയ തെളിവുകൾ ലഭിച്ചത്. മൺപാത്രങ്ങളിൾ പൂശിയ മനുഷ്യനിർമിത നാനോപദാർഥങ്ങളാണ് ഗവേഷകർ തിരിച്ചറിഞ്ഞത്.

കാർബൺ നാനോട്യൂബുകൾ കൊണ്ടുള്ള പദാർഥമാണ് മൺപാത്രങ്ങളിൽ പൂശിയിട്ടുള്ളതെന്ന്, ‘സയന്റിഫിക് റിപ്പോർട്ട്സ്’ ജേർണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ട് പറയുന്നു.
മനുഷ്യനിർമിത നാനോപദാർഥങ്ങളുടെ കാര്യത്തിൽ, ഇതുവരെ ലഭിച്ചതിൽ ഏറ്റവും പഴക്കമേറിയതാണിതെന്ന്, പഠനത്തിൽ പങ്കെടുത്ത വെല്ലൂർ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകൻ വിജയാനന്ദ് ചന്ദ്രശേഖരൻ പറഞ്ഞു.

എ.ഡി. എട്ടാം നൂറ്റാണ്ടിൽ അല്ലെങ്കിൽ ഒൻപതാം നൂറ്റാണ്ടിൽ ഉള്ളവയായിരുന്നു ഇതുവരെ അറിഞ്ഞതിൽ ഏറ്റവും പഴക്കമേറിയവ.
കാർബൺ നാനോപദാർഥങ്ങളുടെ രൂപകൽപനയിലെ പ്രത്യേകത കാരണമാവാം 2600 വർഷത്തോളം അവയ്ക്ക് മാറ്റം സംഭവിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുരാതനകാലഘട്ടത്തിലെ നിർമാണപ്രക്രിയകളെ കുറിച്ചുള്ള കൂടുതൽ വിവരം ലഭിച്ചാൽ അത് ആധുനികകാലത്ത് ഉപയോഗപ്രദമാക്കാവുന്നതാണെന്ന് ബെംഗളൂരു നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ശാരദാ ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.