ജയ്പുർ: ഇന്ത്യയിലെ മിടുക്കനും മിടുക്കിയും വിവാഹ ജീവിതം തുടങ്ങി രണ്ടു വർഷം കഴിഞ്ഞപ്പോൾ വിവാഹമോചിതരാകുന്നു.2015 ബാച്ച് ഐഎഎസ് ഒന്നും രണ്ടും റാങ്കുകാരാണ് പിരിയുന്നത്. രാജ്യം അനുഗ്രഹിച്ച് ആഘോഷിച്ച വിവാഹമായിരുന്നു അവരുടേത്.
രണ്ടു വർഷം കഴിയുമ്പോഴേക്കും അവർ വേർപിരിയുകയാണ് അതും പരസ്പര സമ്മതത്തോടെ. വധു ടിന ധാബി, വരൻ അത്തർ അമീർ ഖാൻ. 2018ൽ കശ്മീരിലെ പഹൽഗാം ക്ലബിലായിരുന്നു വിവാഹ ചടങ്ങുകൾ. മതസൗഹാർദത്തിന് മാറ്റുകൂട്ടിയ സംഭവമായി ഇരുവരുടെയും വിവാഹ ജീവിതം വിശേഷിപ്പിക്കപ്പെട്ടു.
‘എല്ലാവർക്കും പ്രചോദനമായി നിങ്ങളുടെ സ്നേഹം കൂടുതൽ കരുത്താർജിക്കട്ടെ’ എന്നാശംസിച്ച് വിവാഹവേളയിൽ രാഹുൽ ഗാന്ധി ഇരുവർക്കും സന്ദേശമയച്ചിരുന്നു. പിന്നീട് ഡൽഹിയിൽ നടന്ന വിവാഹ സ്വീകരണത്തിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോക്സഭ സ്പീക്കറായിരുന്ന സുമിത്ര മഹാജൻ, കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തിരുന്നു.
ഐഎഎസിൽ ഒന്നാം റാങ്കുകാരിയാകുന്ന ആദ്യ ദലിത് വനിതയായിരുന്നു ടിന ധാബി. ഡെൽഹി ലേഡി ശ്രീരാം കോളജിൽ പൊളിറ്റിക്കൽ സയൻസ് പഠിച്ച ഷേമാണ് ഭോപ്പാൽ സ്വദേശിയായ ടിന സിവിൽ സർവിസിലെത്തിയത്. ടിനയേക്കാൾ ഒരു വയസ്സ് മൂത്ത തെക്കൻ കശ്മീരുകാരനായ അത്തർ അമീർ ഖാൻ ഹിമാചൽ പ്രദശേിലെ മണ്ഡി ഐഐടിയിൽ നിന്ന് ബി.ടെക് ബിരുദമെടുത്തശേഷമാണ് ഐഎഎസിൽ എത്തിയത്.
രണ്ടുപേർക്കും ജയ്പുരിലായിരുന്നു ആദ്യ പോസ്റ്റിങ്. പിന്നീട് രണ്ടു സ്ഥലങ്ങളിലേക്ക് മാറി. ഉത്തരാഖണ്ഡ് മസൂറിയിലെ സിവിൽ സർവിസ് പരിശീലന കേന്ദ്രമായ ലാൽ ബഹദൂർ ശാസ്ത്രി നാഷനൽ അക്കാദമിയിൽ വെച്ചാണ് ഇരുവരും പ്രണയ ബദ്ധരായത്. ജയ്പുരിലാണ് വിവാഹമോചന ഹരജി ഫയൽ ചെയ്തിരിക്കുന്നതും.