സോണിയ ഗാന്ധിക്ക് വിട്ടുമാറാത്ത നെഞ്ചിലെ അണുബാധ; ഉടൻ ഡെല്‍ഹി വിടും

ന്യൂഡെല്‍ഹി: വിട്ടുമാറാത്ത നെഞ്ചിലെ അണുബാധയെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് മാറാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഏതാനും ദിവസത്തേക്ക് ഗോവയിലേക്കോ ചെന്നൈയിലേക്കോ മാറാന്‍ സാധ്യതയുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇപ്പോഴത്തെ സാഹചര്യത്തിൽ തലസ്ഥാനത്ത് കൂടുതൽ ദിവസം തങ്ങുന്നത് ആരോഗ്യത്തെ ദോഷമായി ബാധിക്കുമെന്നതിനാലാണിത്.

ഡെല്‍ഹിയില്‍ വായുമലിനീകരണം കൂടിയ സാഹചര്യത്തില്‍ ഡെല്‍ഹിയില്‍ നിന്ന് മാറി താമസിക്കാന്‍ ഡോക്ടറടക്കമുള്ളവര്‍ നിര്‍ദ്ദേശിച്ചുവെന്നാണ് സൂചന. ഡെല്‍ഹിയിലെ വായു മലിനീകരണം സോണിയാ ഗാന്ധിയുടെ ആരോഗ്യസ്ഥിതി വഷളാക്കിയിട്ടുണ്ട്. ഡെല്‍ഹിക്ക് പുറത്തു പോകാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയത്.

ഓഗസ്റ്റില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത സോണിയ ഗാന്ധി വീട്ടില്‍ ചികിത്സ തുടര്‍ന്നിരുന്നു. നെഞ്ചിലെ സ്ഥിരമായ അണുബാധ ഡോക്ടര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ ജൂലൈ 30നാണ് സോണിയ ഗാന്ധിയെ സര്‍ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സെപ്റ്റംബര്‍ 12ന് പതിവ് വൈദ്യപരിശോധനയ്ക്കായി വിദേശത്തേക്ക് പോയി.

അമ്മയ്‌ക്കൊപ്പം രാഹുല്‍ ഗാന്ധിയുമുണ്ടായിരുന്നു. സെപ്റ്റംബര്‍ 14 മുതല്‍ 23 വരെയുള്ള കാലയളവില്‍ നടന്ന പാര്‍ലമെന്റ് ചര്‍ച്ചയ്ക്കും ഇരുവരും പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ വര്‍ഷം ജനുവരിയിലും സോണിയ ഗാന്ധി ഗോവയിലേക്ക് താമസം മാറ്റിയിരുന്നു.