ജെയ്‌ഷെ ഭീകരര്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; സുരക്ഷാ സേനയുടെ ശക്തമായ ഇടപെടലിനെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: നാഗ്രോട്ട ഏറ്റുമുട്ടലില്‍ പാകിസ്ഥാന്റെ ജെയ്‌ഷെ ഇ-മുഹമ്മദ് തീവ്രവാദ സംഘടന ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നു. ഭീകരരുടെ ഈ ശ്രമത്തെ അതി ശക്തമായി തടഞ്ഞ സുരക്ഷാ സേനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈ ആക്രമണത്തിന്റെ (26/11) വാര്‍ഷിക ദിനത്തില്‍ ഭീകരാക്രമണം നടത്താനാണ് ഇവര്‍ പദ്ധതിയിട്ടത്. നാല് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്.

അവരുടെ വലിയ പദ്ധതിയാണ് പരാജയപ്പെട്ടതെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. സംഭവം വിലയിരുത്താന്‍ പ്രധാനമന്ത്രി അടുയന്തര യോഗം വിളിച്ചു ചേര്‍ത്തു. ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി, രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഞങ്ങളുടെ സുരക്ഷാ സേന വീണ്ടും ധീരമായി പ്രവര്‍ത്തിച്ചു. അവരുടെ ജാഗ്രതയ്ക്ക് നന്ദി, ജമ്മു-കശ്മീരിലെ അതിര്‍ത്തിയില്‍ നിന്നുള്ള അവരുടെ ഗൂഢാലോചനയാണ് പരാജയപ്പെടുത്തിയതെന്നും മോദി പറഞ്ഞു.

ആപ്പിളുമായി വന്ന ട്രക്കിലാണ് ജമ്മു-ശ്രീനഗര്‍ ഹൈവേയിലെ നഗ്രോട്ടില്‍ വ്യാഴാഴ്ച പാക് ഭീകരര്‍ എത്തിയത്. ഇവര്‍ വലിയ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വ്യക്തമായ വിവരം ലഭിച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനു ശേഷമാണ് സുരക്ഷാസേന ഭീകരരെ വധിച്ചത്. ട്രക്കില്‍ നിന്നും വന്‍ ആയുധശേഖരമാണ് കണ്ടെടുത്തത്.