ശ്രീനഗര്‍: ആക്രമണം ശക്തമായ സാഹചര്യത്തില്‍ ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു. ജമ്മു-കശ്മീരിലെ നര്‍ഗോട്ടയിലെ ബാന്‍ ടോള്‍ പ്ലാസയ്ക്കു സമീപമാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലില്‍ നാല് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ആക്രമണം ഉണ്ടായത്.
സ്ഥലത്ത് ഭീകരര്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന രഹസ്യ വിവരം സൈന്യത്തിന് ലഭിച്ചിരുന്നു. വാഹനത്തില്‍ മറഞ്ഞിരുന്നാണ് ഇവര്‍ ആക്രമണം നടത്തിയ
ത്. ടോള്‍ പ്ലാസയില്‍ സുരക്ഷാ സേന വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെ ഒരു സംഘം തീവ്രവാദികള്‍ സൈന്യത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.
തീവ്രവാദികള്‍ പിന്നീട് വനത്തിലേക്ക് മറഞ്ഞെങ്കിലും വീണ്ടും ആക്രമണം തുടര്‍ന്നു. ഭീകരരുടെ ആക്രമണത്തില്‍ ഒരു സൈനികന്റെ കഴുത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അക്രമം ഇനിയും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ടോള്‍ പ്ലാസയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
തീവ്രവാദികള്‍ എത്തിയ ട്രക്ക് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ട്രക്കില്‍ എത്ര തീവ്രവാദികള്‍ ഉണ്ടായിരുന്നുവെന്നത് വ്യക്തമല്ല. ട്രക്കില്‍ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും സൈന്യം കണ്ടെത്തി. ഇന്നലെ പുല്‍വാമയിലും ഭീകരരുടെ ആക്രമണം ഉണ്ടായിരുന്നു. ഗ്രനേഡ് ആക്രമണത്തില്‍ 12 പേര്‍ക്കാണ് പരിക്കേറ്റത്.