ജെഎൻയുവിലെ മുഖംമൂടി ആക്രമണം; ഡെൽഹി പൊലീസ് സ്വയം ക്ലീൻ ചിറ്റ് നൽകി

ന്യൂഡെൽഹി: ജെഎൻയു സർവ്വകലാശാലയിൽ നടന്ന മുഖം മൂടി ആക്രമണത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോ‍ർട്ട്. സർവ്വകലാശാല അധികൃതരുടെ നിർദ്ദേശപ്രകാരമാണ് പുറത്ത് നിന്നതെന്നും, പ്രശ്നങ്ങളില്ലെന്ന് ഉറപ്പ് വരുത്തിയിരുന്നുവെന്നും റിപ്പോ‍ർട്ടിൽ പറയുന്നു. ഡെൽഹി പൊലീസ് ജോയിന്റ് കമ്മീഷണർ ശാലിനി സിങ്ങിന്റെ നേത്യത്വത്തിലുള്ള സംഘമാണ് റിപ്പോർട്ട് നൽകിയത്.

ജനുവരി അഞ്ചിന് പുറത്ത് പൊലീസ് കാവൽ നിലനിൽക്കെ കാമ്പസിനുള്ളിൽ മുഖം മൂടി ധരിച്ചെത്തിയ സംഘം ആക്രമണം അഴിച്ചുവിട്ടതിൽ പൊലീസിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. നൂറോളം മുഖംമൂടി ധാരികൾ കല്ലുകളും, വടികളുമായി സർവകലാശാലയ്ക്ക് അകത്ത് കടക്കുകയും, വിദ്യാർത്ഥികളെയും അധ്യാപകരെയും ജീവനക്കാരെയും മർദ്ദിക്കുകയുമായിരുന്നു. ആക്രമണത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 36 പേർക്കാണ് പരിക്കേറ്റത്.

കേസിൽ എഫ്ഐആ‌ർ എടുത്ത ശേഷം അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറിയെങ്കിലും ഇത് വരെ ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. നാല് ഇൻസ്പെക്ടർമാരും, രണ്ട് എസിപിമാരും അടങ്ങിയ സംഘമാണ് ഡെൽഹി പൊലീസിന് സംഭവത്തിൽ ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്.