ഭാരത് പെട്രോളിയം കോർപ്പറേഷൻ ഏറ്റെടുക്കാൻ താത്പര്യമില്ലാതെ ലോകത്തിലെ മുൻനിര എണ്ണക്കമ്പനികൾ

മുംബൈ: പൊതുമേഖലാ എണ്ണക്കമ്പനിയായ ബിപിസിഎല്ലിനെ ഏറ്റെടുക്കാൻ താത്പര്യമില്ലാതെ ലോകത്തിലെ മുൻനിര എണ്ണക്കമ്പനികൾ. മൂന്നു നാലു താത്പര്യപത്രങ്ങൾ ലഭിച്ചതായാണ് വിവരം. അതേസമയം അവയുടെ എണ്ണമോ പേരുവിവരങ്ങളോ പുറത്തുവിടാൻ സർക്കാർ തയ്യാറായിട്ടില്ല.

ബിപിസിഎലിനെ ഏറ്റെടുക്കാൻ സാധ്യതയുള്ള വിദേശകമ്പനികളിൽ സൗദി ആരാംകോയുടെ പേരാണ് തുടക്കംമുതൽ ഉയർന്നുകേട്ടിരുന്നത്. സൗദി ആരാംകോയും ഇന്ത്യയിൽ പെട്രോകെമിക്കൽ വ്യവസായത്തിൽ അവരുടെ പങ്കാളികളാകാനിരിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസും താത്പര്യപത്രം നൽകിയിട്ടില്ല.

ബ്രിട്ടീഷ് പെട്രോളിയം, റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റ്, ഫ്രഞ്ച് കമ്പനിയായ ടോട്ടൽ എന്നിവയും അവസാനനിമിഷം പിന്മാറിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ബിപിസിഎൽ ഓഹരിവിൽപ്പന നടപടിക്ക് മികച്ച പ്രതികരണം ലഭിച്ചതായാണ് സർക്കാർ പറയുന്നത്. എന്നിട്ടും എത്ര താത്പര്യപത്രം ലഭിച്ചുവെന്നുപോലും സർക്കാർ വെളിപ്പെടുത്തുന്നില്ല.