മാവോയിസ്റ്റ് രൂപേഷിന് എതിരായ യുഎപിഎ റദ്ദാക്കിയത് സുപ്രികോടതി അടുത്തയാഴ്ച പരിഗണിക്കും

ന്യൂഡെൽഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെയുള്ള യുഎപിഎ റദ്ദാക്കിയത് ചോദ്യം ചെയ്ത ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കാനായി സുപ്രികോടതി മാറ്റി.
സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ അടുത്തയാഴ്ച വിശദമായ വാദം കേട്ട് തീര്‍പ്പാക്കാമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

യുഎപിഎ നിയമപ്രകാരം വിടുതൽ ഹർജി ഹൈക്കോടതിയിൽ ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കേണ്ടിയിരുന്നത് എന്ന കേരളത്തിന്റെ വാദം സുപ്രീം കോടതി അംഗീകരിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ച് ആണ് വിടുതൽ ഹർജി അംഗീകരിച്ചത്.

അതേസമയം പ്രോസിക്യൂഷൻ അനുമതി സമയബന്ധിതമായി നൽകാത്തത് കാരണം യുഎപിഎ കേസിൽ വിടുതൽ ഹർജി അംഗീകരിക്കാൻ കഴിയുമോ എന്ന കാര്യം പരിഗണിക്കും എന്നും സുപ്രീം കോടതി വ്യക്തമാക്കി.

രൂപേഷിനെതിരെ കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലെ രാജ്യദ്രോഹക്കുറ്റവും, യുഎപിഎ വകുപ്പുമാണ് ഹൈക്കോടതി റദ്ദാക്കിയത്.
രൂപേഷിന് വേണ്ടി കാമിനി ജയ്സ്വാൾ ആണ് ഹാജരായത്.