ന്യൂഡെൽഹി: ജമ്മുകശ്മീരിലെ ലൈൻ ഓഫ് കണ്ട്രോളിൽ പ്രകോപനങ്ങളൊന്നുമില്ലാതെ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച സംഭവവുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ ഹൈക്കമ്മീഷന്റെ ചാർജ് ഡി-അഫയേർസ് ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. കൂടിക്കാഴ്ചയിൽ
ആക്രമണം നടത്താൻ രാജ്യം ദീപാവലി ആഘോഷങ്ങളിൽ മുഴുകിയിരിക്കുന്ന സമയം തന്നെ പാകിസ്ഥാൻ തിരഞ്ഞെടുത്തത് ജമ്മുകശ്മീരിലെ ക്രമസമാധാനം തകർക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് വ്യക്തമാക്കിയ ഇന്ത്യ, സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ടാണ് അതിർത്തിയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. നിയന്ത്രണരേഖയിലെ ഉറി, നൗകം, തങ്‌ദാർ, ദവാർ ഉൾപ്പെടെയുള്ള മേഖലകളിലാണ് നവംബർ 13ന് പാകിസ്ഥാന്റെ ആക്രമണമുണ്ടായത്.
പാകിസ്ഥാന്റെ അപ്രതീക്ഷിത ആക്രമണത്തിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചിരുന്നു. ഇന്ത്യൻ മിസൈലുകളും റോക്കറ്റുകളും ജമ്മുകശ്മീരിലെ ബാരാമുള്ള, കുപ്‌വാര, ബന്ദിപ്പോറ ജില്ലകളിലെ ഉറി, നൗകം, തങ്‌ദാർ, കേരൻ, ഗുരസ് എന്നിവിടങ്ങളിലെ പാക് ബങ്കറുകൾ തകർത്തിരുന്നു.