ഓണ്‍ലൈനിനും സര്‍ക്കാര്‍ മേല്‍നോട്ടം; സിനിമകള്‍ക്കും പരിപാടികള്‍ക്കും ഷോപ്പിങ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം

ന്യൂഡെല്‍ഹി: ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. നിര്‍ണായക തീരുമാനമാണ് പുറത്തുവരുന്നത്. ഓണ്‍ലൈന്‍ സിനിമകള്‍ക്കും പരിപാടികള്‍ക്കും കൂടാതെ ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലുകള്‍ക്കുമാണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ആമസോണ്‍, നെറ്റിഫ്‌ളിക്‌സ് ഉള്‍പ്പെടെയുള്ളവര്‍ക്കും നിയന്ത്രണമുണ്ട്. വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ബാധകമാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങളെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കീഴിലാക്കി കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ ചട്ടങ്ങള്‍ ഇതോടെ ബാധകമാകും.

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണ നടപടികള്‍ നേരത്തെ തുടങ്ങിയിരുന്നു. വിവരസാങ്കേതിക വകുപ്പിന്‍റെ പാര്‍ലമെന്‍ററി സമിതി നിയമനിര്‍മാണത്തിനായി 21 വിഷയങ്ങളാണ് പരിഗണിച്ചത്. മാധ്യമങ്ങളുടെ ധാര്‍മികതയെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ഒരു കമ്മിറ്റി ആദ്യമായാണ് ചര്‍ച്ച നടത്തുന്നത്. ശശി തരൂരാണ് വിവരസാങ്കേതിക വകുപ്പിന്‍റെ പാര്‍ലമെന്‍ററി സമിതി അധ്യക്ഷന്‍.