മധ്യപ്രദേശില്‍ മൂന്ന് വയസ്സുകാരന്‍ 200 അടി താഴ്ച്ചയുള്ള കുഴല്‍ക്കിണറിലേക്ക് വീണു

ഭോപ്പാല്‍: മധ്യപ്രദേശില്‍ 200 അടി താഴ്ച്ചയുള്ള കുഴല്‍ക്കിണറിലേക്ക് മൂന്ന് വയസ്സുകാരന്‍ വീണു. കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഹരികിഷന്‍ കുഷ്വാഹ-കപൂരി കുഷ്വാഹ ദമ്പതികളുടേതാണ് മകന്‍ പ്രഹ്ലാദ് ആണ് വീണത്. നിവാഡി ജില്ലയിലെ ബരാഹ്ബുജര്‍ഗ് ഗ്രാമത്തിലാണ് സംഭവം. അഞ്ച് ദിവസം മുമ്പ് കുഴിച്ച കുഴല്‍ക്കിണറിലാണ് കുട്ടി വീണത്.

വയലില്‍ കളിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം. 200 അടി താഴ്ചയുള്ള കിണറില്‍ 100 അടിയെത്തിയപ്പോഴേക്കും വെള്ളം കിട്ടിയിരുന്നു. കുട്ടി എത്ര താഴ്ചയിലാണ് ഉള്ളതെന്ന് മനസ്സിലായിട്ടില്ലെന്ന് പ്രിഥിപുര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് നരേന്ദ്ര ത്രിപാഠി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ജില്ലാ അധികാരികള്‍, സൈന്യം, ദുരന്തനിവാരണ സേന, ദേശീയ ദുരന്തനിവാരണ സേന തുടങ്ങിയവ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സമാന്തരമായ കുഴിയെടുത്താണ് കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നത്.