ഭോപാൽ: ഗ്വാളിയർ രാജകുമാരൻ ജോതിരാദിത്യ സിന്ധ്യയുടെ സ്വാധീനം അളവുകോലാകുന്ന മധ്യപ്രദേശ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഇന്ന്. 28 സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ട് അനുയായികൾക്കൊപ്പം ബിജെപിയിലേക്ക് ചേക്കേറിയതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഈ ഉപതെരഞ്ഞെടുപ്പ് കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ നിർണായകമാണ്.
മധ്യപ്രദേശിൽ സിന്ധ്യയുടെ കളം മാറ്റത്തോടെ നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കണമെങ്കിൽ കോൺഗ്രസിന് 28 സീറ്റിലും വിജയം നേടണം. 230 അംഗ നിയമസഭയിൽ ഭൂരിപക്ഷം സ്ഥാപിക്കുക ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറെ ദുർഘടമാണെന്നാണ് സൂചന. പത്തിലധികം സീറ്റുകൾ വിജയിച്ചാലും കോൺഗ്രസിന് നേട്ടമാണ്. ഉപതെരഞ്ഞെടുപ്പ് കോൺഗ്രസിന് തിരിച്ചടിയായാൽ കൂടുതൽ എംഎൽഎമാർ ബിജെപിയിലേക്ക് ഒഴുകാനും സാധ്യതയുണ്ട്.
ഒമ്പതു സീറ്റുകൾ നേടിയാൽ ബി.ജെ.പിക്ക് വീണുകിട്ടിയ ഭരണം നിലനിർത്താനുമാകും. സിന്ധ്യ കുടുംബത്തിെൻ്റെ സ്വാധീനമേഖലയായ ഗ്വാളിയോർ- ചമ്പൽ മേഖലകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 16 മണ്ഡലങ്ങൾ. അവിടെ സീറ്റുകൾ നഷ്ടപ്പെട്ടാൽ രാജകുമാരൻ്റെ സ്വാധീനം കുറഞ്ഞെന്നതിന് തെളിവാകും. സിന്ധ്യക്കൊപ്പം വന്ന മുൻ കോൺഗ്രസ് എംഎൽഎമാർക്കെല്ലാം സീറ്റു നൽകിയതിൽ ബിജെപി നേതാക്കളിൽ ചിലർ അസന്തുഷ്ടി പ്രകടിപ്പിക്കുന്നുണ്ട്. മധ്യപ്രദേശ് രാഷ്ട്രീയത്തിലെ ചാണക്യനായ കോൺഗ്രസ് നേതാവ് കമൽനാഥിൻ്റെ തന്ത്രങ്ങൾ എത്രത്തോളം വിജയം കണ്ടു എന്നതും ഉപതെരഞ്ഞെടുപ്പോടെ അറിയാനാകും.