മുംബൈ: ഭീമ കൊറേഗാവ് കേസിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്ത ഫാദർ സ്റ്റാൻ സ്വാമിയുടെ ജയിലിൽ നിന്നുള്ള ഫോൺ കോളിന്റെ ശബ്ദ രേഖ പുറത്ത്. താൻ മുംബൈ താനോജ ജയിൽ ചില അസുഖങ്ങൾക്കിടയിലും സുഖമായിരിക്കുന്നു എന്നും കുറച്ചു തടവുകാർ സ്നേഹത്തോടെ പെരുമാറുന്നുവെന്നും അദ്ദേഹം പറയുന്നു. 15 ദിവസത്തിൽ ഒരിക്കൽ അദ്ദേത്തിന് ഫോൺ ഉപയോഗിക്കാം.
അതുപോലെ അദ്ദേഹത്തിന്റെ പ്രായം പരിഗണിച്ച് സഹായിക്കാൻ ഒരാളെ ജയിൽ അധികൃതർ നിയമിച്ചതായി അദ്ദേഹം പറയുന്നു. പ്രത്യേക സെല്ലിൽ ആണ് ഇപ്പോൾ കഴിയുന്നത്. വായിക്കാൻ ജേർണലുകളും മാസികകളും നൽകുന്നുണ്ട്. വായനയിലും പ്രാർത്ഥനയിലും ഞാൻ എന്റെ സമയം ചെലവഴിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു.
ചെയ്യാത്ത കുറ്റത്തിനാണ് താൻ ജയിലിൽ കഴിയുന്നത് എന്നും ഇത് ദൈവഹിതമാണെങ്കിൽ, അങ്ങനെയാകട്ടെ എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സത്യം വിജയിക്കുമെന്നും ഞാൻ ഉടൻ ജാമ്യത്തിൽ ഇറങ്ങുമെന്നും പ്രതീക്ഷിക്കുന്നു. ഞാൻ ജെസ്യൂട്ട് സഹപ്രവർത്തകരിൽ ഒരാളിലൂടെ നിങ്ങളുടെ ആശംസകളും പ്രാർത്ഥനകളും സ്വീകരിച്ചു.എന്നും എല്ലാവർക്കും നല്ലതുവരട്ടെ എന്നും അദ്ദേഹം പ്രാർത്ഥിക്കുന്നു.
ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്ന് വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് എൺപത്തിമൂന്നുകാരനായ ഫാ. സ്റ്റാൻ സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്തത്. ഈ മാസം 23 വരെ അദ്ദേഹത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് നിരവധി സംഘടനകളാണ് രംഗത്ത് വന്നത്.