എൻഡിഎ എന്നാൽ “നോ ഡേറ്റ അവെയ്ലബിൾ”: കേന്ദ്ര സർക്കാരിനെ പരിഹസിച്ച് ശശി തരൂർ എംപി

ഡൽഹി: എൻഡിഎയ്ക്ക് പുതിയ നിർവചനവുമായി ശശി തരൂർ എംപി. എൻഡിഎ എന്നാൽ നോ ഡേറ്റ അവെയ്ലബിൾ (No Data Available) ആണെന്നാണ് ശശി തരൂർ തന്റെ ട്വിറ്ററിലൂടെ കേന്ദ്രസർക്കാരിനെ പരിഹസിച്ചിരിക്കുന്നത്.

പതിവുപോലെ ഇപ്രാവശ്യവും ഒരു വിവരവും കേന്ദ്രസർക്കാരിൽനിന്ന് ലഭ്യമല്ല. പക്ഷെ, ഇത്തവണ ഇങ്ങനെ സംഭവിച്ചതിൽ തനിക്കാശ്ചര്യമുണ്ടെന്ന് ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. കേന്ദ്രസർക്കാർ ഏറെ പ്രാധാന്യത്തോടെ അവതരിപ്പിക്കുകയും നിർബന്ധിതമാക്കുകയും ചെയ്ത ആരോഗ്യസേതു ആപ്പ് വികസിപ്പിച്ചെടുത്തതാരാണെന്ന കാര്യത്തെ കുറിച്ച് കേന്ദ്രസർക്കാരിന് യാതൊരറിവുമില്ല എന്നത് സൂചിപ്പിച്ചാണ് ശശി തരൂരിന്റെ പരിഹാസം.

ആരോഗ്യസേതു എന്ന മൊബൈൽ ആപ്ലിക്കേഷൻ കൊറോണ വൈറസിന് എതിരായ പ്രതിരോധനടപടികളിൽ കേന്ദ്രസർക്കാർ ഏറ്റവും പ്രാധാന്യം നൽകി അവതരിപ്പിക്കുകയും പലയവസരങ്ങളിലും നിർബന്ധിതമാക്കുകയും ചെയ്തിരുന്നു. ആപ്പിന്റെ വികസനത്തെ സംബന്ധിച്ച വിവരാവകാശ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാത്തതിൽ കേന്ദ്ര വിവരാവകാശ കമ്മിഷൻ സർക്കാരിന് കഴിഞ്ഞ ദിവസം നോട്ടീസയച്ചിരുന്നു.