ആരോഗ്യസേതു ആപ്പ് സംബന്ധിച്ച വിവരങ്ങൾ നൽകാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി

ന്യൂഡെൽഹി: ആരോഗ്യസേതു ആപ്പ് സംബന്ധിച്ച വിവരങ്ങൾ നൽകാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ ഇലക്ട്രോണിക്സ് – ഐടി മന്ത്രാലയത്തിൻറെ നിർദേശം. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ നാഷ്ണൽ ഇൻഫോർമാറ്റിക്സ് സെൻററിനും നാഷണൽ ഇ-ഗവേണൻസ് ഡിവിഷനുമാണ് നിർദേശം നൽകിയത്. ചീഫ് പബ്ളിക് ഇൻഫർമേഷൻ ഓഫീസർക്കും ഇ ഗവേൺസ് ഡിവിഷനും കമ്മീഷൻ വിശദീകരണം തേടി നോട്ടീസും അയച്ചു.

നാഷണൽ ഇൻഫോമാറ്റിക്സ് സെൻററും ഐടി മന്ത്രാലയവും ചേർന്നാണ് കൊവിഡ് രോഗികളുടെ വിവരങ്ങൾ നൽകുന്ന ആരോഗ്യസേതു ആപ്പ് നിർമ്മിച്ചതെന്നാണ് വെബ് സൈറ്റിൽ പറയുന്നത്. വിവരാവകാശ നിയമപ്രകാരം ആരോഗ്യസേതു ആപ്പ് ആര് നിർമ്മിച്ചെന്ന് ചോദ്യത്തിന് രണ്ട് വകുപ്പുകളും കൈമലർത്തി.

ചോദ്യങ്ങൾക്ക് മറുപടി നൽകാതെ വന്നപ്പോൾ വിവരാവകാശ കമ്മീഷൻ തന്നെ കേന്ദ്ര സർക്കാരിനോട് വിശദാംശങ്ങൾ തേടി. അതിനും മറുപടിയില്ല. ഒടുവിൽ കേന്ദ്ര സർക്കാരിൻറേത് നിരുത്തരവാദപരമായ സമീപനമെന്ന് കമ്മീഷൻ വിമർശിച്ചു.

വിവാദമായതോടെ ആപ്പ് നിർമ്മാണത്തിൽ അപാകതയില്ലെന്ന വിശദീകരണം കേന്ദ്ര സർക്കാർ പുറത്തിറക്കി. സർക്കാരിന് കീഴിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് ആപ്പ് നിർമ്മിച്ചത്. വ്യവസായ സംരംഭങ്ങളുടെയും വിദഗ്ധരുടെയും സഹകരണം ഇതിന് ഉണ്ടായിരുന്നു. വിശദീകരണത്തിൽ പക്ഷെ, അവരുടെ പേരുകൾ വെളുപ്പെടുത്തുന്നില്ല. അതിനാൽ ആരോഗ്യസേതുആപ്പ് ആര് നിർമ്മിച്ചുവെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.