കോടതി നടപടികളുടെ തത്സമയ സം പ്രേക്ഷണവുമായി ഗുജറാത്ത് ഹൈക്കോടതി; രാജ്യത്ത് ആദ്യം

ഗാന്ധിനഗര്‍ : രാജ്യത്ത് ആദ്യമായി കോടതി നടപടികളുടെ തത്സമയ സം പ്രേക്ഷണവുമായി ഗുജറാത്ത് ഹൈക്കോടതി . യൂട്യൂബ് വഴി പരീക്ഷണാടിസ്ഥാനത്തിലാണ് തത്സമയ സംപ്രേഷണം ആരംഭിച്ചത്.

ചീഫ് ജസ്റ്റിസിന്‍റെ കോടതിയിലെ നടപടിക്രമങ്ങളാണ് ആദ്യദിനം യൂട്യൂബ് അക്കൗണ്ടിലൂടെ സംപ്രേഷണം ചെയ്തത്. ആദ്യമണിക്കൂറില്‍ തന്നെ നിരവധി പേര്‍ ലൈവ് സ്ട്രീമിങ് കണ്ടു.

കോടതി നടപടികള്‍ തത്സമയം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹൈക്കോടതിയുടെ ഹോംപേജില്‍ നിന്ന് യൂട്യൂബ് ചാനല്‍ ലിങ്കില്‍ കയറാനാകുമെന്ന് ചീഫ് ജസ്റ്റിസ് വിക്രം നാഥ് ഉത്തരവില്‍ പറഞ്ഞു.കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചതിന് ശേഷമാണ് ഈ നീക്കം.

സുപ്രീംകോടതിയുടെ ഇ-കമ്മിറ്റി നിര്‍ദ്ദേശിച്ച മോഡല്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് ചട്ടങ്ങളില്‍, വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടത്തുന്ന കോടതി ഹിയറിംഗ് കാണാന്‍ പൊതുജനങ്ങള്‍ക്ക് അനുമതി നല്‍കുമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.

അഭിഭാഷകരുടെയും കക്ഷികളുടെയും പ്രതികരണം പരിഗണിച്ചാകും തുടര്‍നടപടിയെന്ന് രജിസ്ട്രാര്‍ അറിയിച്ചു . കൊറോണ വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച്‌ 24 മുതല്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ഹൈക്കോടതി പ്രവര്‍ത്തിക്കുന്നത്.