ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതായി അലഹാബാദ് ഹൈക്കോടതി

ലക്നൗ: ഉത്തർപ്രദേശിൽ ഗോവധ നിരോധന നിയമം വലിയതോതിൽ ദുരുപയോഗം ചെയ്യപ്പെടുന്നതായി അലഹാബാദ് ഹൈക്കോടതി. ഏതു മാംസം പിടികൂടിയാലും അത് ഗോമാംസമായി ചിത്രീകരിക്കപ്പെടുകയാണെന്നും നിരപരാധികളെ കേസിൽ കുടുക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി.

‘1955ലെ യുപി ഗോവധ നിരോധന നിയമം നിരപരാധികൾക്കെതിരെ വലിയ തോതിൽ ദുരുപയോഗം ചെയ്യപ്പെടുന്നു. ഒരാളിൽനിന്ന് ഏതു മാംസം പിടിച്ചെടുത്താലും പരിശോധനപോലും നടത്താതെ അത് ഗോമാംസമായി ചിത്രീകരിക്കുകയാണ്.

മിക്കവാറും കേസുകളിൽ പിടിച്ചെടുത്ത മാംസം ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാറില്ല. ചെയ്യാത്ത കുറ്റത്തിന് ആരോപണവിധേയനായ വ്യക്തി ജയിലിൽത്തന്നെ കഴിയുകയും വിചാരണ നടപടികൾക്ക് വിധേയനാവുകയും ഏഴു വർഷംവരെ ശിക്ഷയ്ക്ക് വിധേയനാവുകയും ചെയ്യുന്നു’, കോടതി ചൂണ്ടിക്കാട്ടി.

ഇത്തരം കേസുകളിൽ അധികൃതർ പിടിച്ചെടുക്കുന്ന പശുക്കളുടെ വിവരങ്ങൾ സംബന്ധിച്ച് രേഖകൾ സൂക്ഷിക്കുന്നില്ലെന്നും കോടതി പറഞ്ഞു. പിടിച്ചെടുത്ത പശുക്കൾ പിന്നീട് എങ്ങോട്ടു പോകുന്നു എന്ന് വ്യക്തമല്ല. ഇത്തരം പശുക്കൾ തെരുവുകളിൽ അലഞ്ഞുതിരിയുകയാണ്. കൂടാതെ, വളർത്തുന്ന മറ്റു പശുക്കളെയും റോഡുകളിൽ അലഞ്ഞുതിരിയാൻ വിടുകയാണ്. ഇത് വലിയ ഗതാഗതകുരുക്കിനും അപകടങ്ങൾക്കും വഴിവെക്കുന്നു. കൂടാത, പ്രായമായതിന്റെ പേരിൽ ഉപേക്ഷിക്കപ്പെടുന്ന പശുക്കളും അലഞ്ഞുതിരിയുകയും കൃഷിനശിപ്പിക്കുകയും ചെയ്യുന്നു.

ജനങ്ങളെയും പോലീസിനെയും ഭയന്ന് ഇത്തരം പശുക്കളെ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റിയയ്ക്കാനും ഉടമസ്ഥർ ഭയപ്പെടുന്നതായും കോടതി ചൂണ്ടിക്കാട്ടി. ഗോവധത്തിന്റെയും മാംസ വ്യാപാരത്തിന്റെയും പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട റഹ്മുദ്ദീൻ എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് സിദ്ധാർഥയുടെ നിരീക്ഷണം. എഫ്ഐആറിൽ ഉൾപ്പെടാതിരുന്നിട്ടും ഒരു മാസമായി ജയിലിൽ കഴിയുകയാണ് ഇദ്ദേഹമെന്ന് ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.