ഹൃദയ ശസ്ത്രക്രിയ; സുഖം പ്രാപിച്ചു വരുന്നതായി അർണോൾഡ് ഷ്വാർസ്‌നെഗർ

ലോസ്​ ആഞ്ചലസ്​: ഹോളിവുഡിലെ ‘റോബോട്ട്​ അസാസിൻ’ എന്നറിയപ്പെടുന്ന പ്രശസ്​ത നടൻ അർണോൾഡ്​ ഷ്വാർസനെഗർ ഹൃദയ ശസ്​ത്രക്രിയക്ക്​ വിധേയനായി. വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹം തന്നെ ലോകത്തെ അറിയിക്കുകയായിരുന്നു. 1997 ൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് അർണോൾഡിന് പൾമോണറി വാൽവ് ഘടിപ്പിച്ചത്. ശേഷം 2018 ൽ ഇത് വീണ്ടും മാറ്റി ഘടിപ്പിച്ചിരുന്നു.

‘ഫീലിങ്​ ഫൻറാസ്​റ്റിക്​’ എന്നായിരുന്നു ശസ്ത്രക്രിയക്കുശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണം. ലോകത്തെ സിനിമാപ്രേമികൾ അദ്ദേഹത്തിന്റെ പോസ്​റ്റിൽ സ്​നേഹം അറിയിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. താൻ പൂർണ ആരോഗ്യവാനായിത്തന്നെ ഇരികുന്നുവെന്നും അദ്ദേഹം പോസ്​റ്റിൽ പറയുന്നു.

ട്വിറ്ററിലും ഇൻസ്​റ്റാഗ്രാമിലും പോസ്​റ്റ്​ ചെയ്​ത ​ആശുത്രിയിൽനിന്നുള്ള തന്റെ ചിത്രത്തോടു കൂടിയ കുറിപ്പ്​ വൈറലാവുകയാണ്​ ഇപ്പോൾ. ആദ്യമായിട്ടല്ല അർണോൾഡ്​ ഹൃദയ ശസ്​ത്രക്രിയക്ക്​ വിധേയനാകുന്നത്​. 2018ലും അതിനുമുമ്പ്​ 1997ലും അദ്ദേഹം ഹൃദയ സംബന്ധമായ പ്രശ്​നങ്ങൾക്ക്​ ചികിത്സ തേടുകയും ശസ്​ത്രക്രിയകൾക്ക്​ വിധേയനാവുകയും ചെയ്​തിരുന്നു.

കാലിഫോർണിയയുടെ മുൻ റിപ്പബ്ലിക്കൻ ഗവർണർകൂടിയായ ഈ 73 കാരൻ ഹോളിവുഡ്​ സിനിമാ പ്രേമികളുടെ സ്വന്തം റോബോട്ട്​ മനുഷ്യനായാണ്​ അറിയപ്പെടുന്നത്​. ‘അദ്ദേഹം ഞങ്ങൾക്ക്​ റോബോട്ട്​ മനുഷ്യനാണ്​, പക്ഷേ ജീവിതത്തിൽ അദ്ദേഹം ഞങ്ങളുടെ കൂടെയുള്ള ഒരു സാധാരണ മനുഷ്യൻ മാത്രമാണ്. അതുകൊണ്ട്​ അദ്ദേഹത്തിനുവേണ്ടി പ്രാർഥിക്കൂ…’ പോസ്​റ്റിന്​ കീഴിൽ ഒരു ആരാധകൻ കമൻറ്​ ചെയ്​തു.