സ്ത്രീ​ക​ളെ പീഡിപ്പിക്കുന്നവർക്ക് വ​ധ​ശി​ക്ഷ വേണം ; ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മം ഭേ​ദ​ഗ​തി ചെയ്യണമെന്ന് കർണാടക ഹൈ​ക്കോടതി

ബം​ഗ​ളൂ​രു: സ്ത്രീ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്യു​ന്ന കു​റ്റ​വാ​ളി​ക​ള്‍​ക്ക് വ​ധ​ശി​ക്ഷ ന​ല്‍​കാ​ന്‍ ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മം ഭേ​ദ​ഗ​തി ചെയ്യണമെന്ന് കർണാടക ഹൈ​ക്കോടതി. കൂ​ട്ട​ബ​ലാ​ത്സം​ഗം കൊ​ല​പാ​ത​ക​ത്തെ​ക്കാ​ള്‍ ഭീ​ക​ര​മാ​ണെ​ന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

2012 ഒ​ക്ടോ​ബ​ര്‍ 13ന് ​ബം​ഗ​ളൂ​രു ജ്ഞാ​ന​ഭാ​ര​തി കാമ്പ​സി​ന് സ​മീ​പം 21കാ​രി​യാ​യ നി​യ​മ​വി​ദ്യാ​ര്‍​ഥി​നി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ ഏ​ഴു​പേ​ര്‍​ക്ക് വി​ചാ​ര​ണ കോ​ട​തി ചു​മ​ത്തി​യ ജീ​വ​പ​ര്യ​ന്തം ത​ട​വ് ശ​രി​വെ​ച്ചു​കൊ​ണ്ടാ​ണ് ജ​സ്​​റ്റി​സ് ബി. ​വീ​ര​പ്പ, കെ. ​ന​ട​രാ​ജ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ച് വ​ധ​ശി​ക്ഷ​യെ അ​നു​കൂ​ലി​ച്ചു​കൊ​ണ്ടു​ള്ള സു​പ്ര​ധാ​ന നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.

ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​യി​ല്‍ ഇ​ള​വ് തേ​ടി​ക്കൊ​ണ്ടാ​ണ് പ്ര​തി​ക​ള്‍ ഹൈ​ക്കോടതിയെ സ​മീ​പി​ച്ച​ത്. സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച 74 വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും സ്ത്രീ​ക​ള്‍ സു​ര​ക്ഷി​ത​ര​ല്ല. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വ​നി​ത​ക​ള്‍​ക്ക് സ്വ​ത​ന്ത്ര​മാ​യി റോ​ഡി​ലൂ​ടെ ന​ട​ക്കാ​ന്‍ എ​പ്പോ​ഴാ​ണോ ക​ഴി​യു​ന്ന​ത് അ​ന്ന് ഇ​ന്ത്യ​ക്ക് സ്വാ​ത​ന്ത്ര്യം ല​ഭി​ച്ചു​വെ​ന്ന് പ​റ​യാ​മെ​ന്ന രാ​ഷ്​​​ട്ര​പി​താ​വാ​യ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ വാ​ക്കു​ക​ള്‍ ഓ​ര്‍​ക്കേ​ണ്ട​തു​ണ്ടെ​ന്നും കോ​ട​തി ചൂണ്ടിക്കാട്ടി.

കൂ​ട്ട​ബ​ലാ​ത്സം​ഗ കൊ​ല​പാ​ത​ക​ത്തി​നാ​ണ് നി​ല​വി​ല്‍ വ​ധ​ശി​ക്ഷ​യു​ള്ള​ത്. മ​ര​ണ​മി​ല്ലാ​ത്ത കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഐ.​പി.​സി 376ഡി ​വ​കു​പ്പ് പ്ര​കാ​രം വ​ധ​ശി​ക്ഷ​യി​ല്ല. ഒ​ന്നോ അ​തി​ല്‍​കൂ​ടു​ത​ല്‍ ആ​ളു​ക​ളോ ചേ​ര്‍​ന്ന് സ്ത്രീ​യെ ബ​ലാ​ത്സം​ഗം ചെ​യ്താ​ല്‍ 20 വ​ര്‍​ഷ​ത്തി​ല്‍ കു​റ​യാ​തെ​യും ജീ​വി​താ​വ​സാ​നം വ​രെ​യും ക​ഠി​ന​ത​ട​വ് മാ​ത്ര​മാ​ണു​ള്ള​ത്. എ​ല്ലാ​ത്ത​രം കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നും വ​ധ​ശി​ക്ഷ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ദേ​ശീ​യ​ത​ല​ത്തി​ല്‍ നി​ല​വി​ലു​ള്ള നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.