ഉന്നതവിജയം നേടിയിട്ടും തോറ്റു; അധികൃതരുടെ അലംഭാവം വിദ്യാർഥിനിയെ തളർത്തി; ജീവനൊടുക്കി

ഭോപ്പാല്‍: റാങ്ക് ലിസ്റ്റ് തയ്യാറാക്കിയവരുടെ പിഴവോ, കംപ്യൂട്ടറിലെ തകരാറോ മൂലം ഒരു വിദ്യാര്‍ത്ഥിനിയ്ക്ക് നഷ്ടമായത് സ്വന്തം ജീവൻ. അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായില്‍ മാര്‍ക്ക് കുറഞ്ഞ മനോവിഷമത്തിൽ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. പതിനെട്ടുകാരിയായ വിധി സൂര്യവംശി എന്ന പെണ്‍കുട്ടിയാണ് മാര്‍ക്ക് രേഖപ്പെടുത്തിയതിലെ പിഴവ് മൂലം ജീവനൊടുക്കിയത്.

പഠനത്തില്‍ മിടുക്കിയായ മകള്‍ക്ക് നല്ല മാര്‍ക്ക് ഉണ്ടാകുമെന്ന വിശ്വാസത്തിലായിരുന്നു മാതാപിതാക്കള്‍. ഡോക്ടറാകാനായിരുന്നു പെണ്‍കുട്ടിയുടെ ആഗ്രഹം. എന്നാല്‍ ഫലം വന്നപ്പോള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത പട്ടികയില്‍ ആറ് മാര്‍ക്ക് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് പെണ്‍കുട്ടിയെ മാനസികമായി തകര്‍ത്തിരുന്നു.

നല്ല മാര്‍ക്കുണ്ടാവുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്ന മാതാപിതാക്കള്‍ ഒ.എം.ആര്‍ ഷീറ്റ് എടുത്ത് പരിശോധിച്ചപ്പോള്‍ അതില്‍ 590 മാര്‍ക്കുണ്ടെന്ന് വ്യക്തമായി.

ഇക്കാര്യം മകളെ ബോധ്യപ്പെടുത്താന്‍ അവര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അപ്പോഴേക്ക് മാനസികമായി തകര്‍ന്ന പെണ്‍കുട്ടി തൂങ്ങിമരിക്കുകയായിന്നു.’നീറ്റില്‍ കുറഞ്ഞ മാര്‍ക്ക് ലഭിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് മനസിലായത്. വിശദമായ അന്വേഷണം നടത്തും’- പരാസിയ പൊലീസ് പറഞ്ഞു.