ട്രാൻസ്ജെൻഡർ അസോസിയേഷൻ പ്രസിഡന്റ് പ്ലാസ്റ്റിക്ക് ഡ്രമിൽ കൊല്ലപ്പെട്ട നിലയിൽ

ചെന്നൈ: ഹോട്ടല്‍ നടത്തുന്ന ട്രാന്‍സ്ജെന്‍ഡറിനെ സ്വന്തം വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോയമ്പത്തൂരിലെ ട്രാന്‍സ്ജെന്‍ഡര്‍ അസോസിയേഷന്‍ പ്രസിഡന്റും പ്രമുഖ ആക്ടിവിസ്റ്റുമായ സംഗീതയെ ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

അറുപതു വയസ്സുള്ള സംഗീത കോയമ്പത്തൂരിലെ ട്രാന്‍സ് വിഭാഗത്തിന്റെ നേതാവായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇവരെ അവസാനമായി ആളുകള്‍ കണ്ടത്. ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ ചിലര്‍ ഇവര്‍ താമസിക്കുന്ന സായ് ബാബ നഗറിലെ വീട്ടില്‍ തിരക്കിയെത്തിയിരുന്നു.

ദുര്‍ഗന്ധം വമിക്കുന്നതു ശ്രദ്ധയില്‍പെട്ടതോടെ അയല്‍വാസികളെ കൂട്ടി പൊലീസിനെ വിളിച്ചു. പൊലീസെത്തി വീട് തുറന്നുനോക്കിയപ്പോഴാണു സംഗീതയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് ഡ്രമ്മിനകത്ത് തള്ളിയതു കണ്ടത്. പുതപ്പ് കൊണ്ടു പൊതിഞ്ഞ മൃതദേഹത്തിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു.

എന്നാല്‍ ഇതിനായി ഉപയോഗിച്ച ആയുധം ഏതാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല എന്നാണ് പൊലീസ് പറഞ്ഞതെന്നാണ് അസോസിയേഷന്‍ അംഗങ്ങള്‍ പറയുന്നത്. സംഗീതയുടെ മൃതദേഹം തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കൃത്യത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

സംഗീതയുടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവര്‍ക്കു ആരെങ്കിലുമായി ശത്രുതയോ , പ്രശ്നങ്ങളോ ഉണ്ടായിരുന്നുവോയെന്നാണ് പ്രധാനമായിട്ടും പൊലീസ് തിരക്കുന്നത്.

കോയമ്പത്തൂരിലെ അറിയപ്പെടുന്ന ഒരു ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റും സംരഭകയുമാണ് സംഗീത. ഈയടുത്ത് ആര്‍എസ് പുരത്ത് ‘കോവൈസ് ട്രാന്‍സ് കിച്ചണ്‍’ എന്ന പേരില്‍ ഒരു പുതിയ റെസ്റ്ററന്‍റ് ഇവര്‍ ആരംഭിച്ചിരുന്നു. സെപ്റ്റംബറില്‍ പ്രവര്‍ത്തനം തുടങ്ങിയ ഇവിടെ ജോലി ചെയ്യുന്ന എല്ലാവരും തന്നെ ട്രാന്‍സ്ജെന്‍ഡറുകളാണ്. കൊറോണ മഹാമാരി മൂലം ദുരിതത്തിലായ തന്‍റെ കമ്മ്യൂണിറ്റിയിലെ ആളുകളെ സഹായിക്കുന്നതിനായാണ് ഇത്തരമൊരു സംരഭം അവര്‍ തുടങ്ങിയത് തന്നെ.

സംഗീതയുടെ കൊലപാതകികളെ എത്രയും വേഗം കണ്ടെത്തണമെന്നാവശ്യം ഉന്നയിച്ച്‌ ഇവരുടെ കമ്മ്യൂണിറ്റി അംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ വിഭാഗങ്ങള്‍ക്കായി നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയ ഒരാള്‍ക്ക് ഇത്രയും ഭീകരമായ ഒരു അന്ത്യം ഉണ്ടായത് സഹിക്കുന്നില്ല എന്നാണ് പലരുടെയും പ്രതികരണം. കുറ്റവാളികളെ എത്രയും വേഗം തന്നെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു