കുവൈറ്റിൽ പ്രവാസികൾ കടുത്ത പ്രതിസന്ധിയിൽ; കേരളത്തിലേക്ക് മടങ്ങാൻ മലയാളികൾ

കുവൈറ്റ്: കൊറോണ വ്യാപനവും തൊഴിലില്ലായ്മയും രൂക്ഷമായതോടെ പ്രവാസി മലയാളികൾ കുവൈറ്റിൽ നിന്ന് കേരളത്തിലേക്ക് മടങ്ങാനൊരുങ്ങുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം കൊറോണയുടെ രണ്ടാം വരവ് ഏറെ രൂക്ഷമാകുന്നതായാണ് റിപ്പോർട്ട്. കൊറോണ ആശുപത്രികളിൽ ആളൊഴിഞ്ഞിരുന്ന സാഹചര്യങ്ങൾ മാറി വീണ്ടും രോഗികളുടെ എണ്ണം വർധിച്ചു വരുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകർക്കിടയിലെ രോഗവ്യാപനനിരക്കു കുറഞ്ഞശേഷം പൂർവ്വാധികം ശക്തിയായി വീണ്ടും മടങ്ങിവരികയാണ്.

കുവൈറ്റിൽ അടുത്ത ജനുവരിയോടെ ഒരു ലക്ഷത്തോളം വിദേശികൾക്ക് തൊഴിൽ നഷ്ടമാകുമെന്നും റിപ്പോർട്ട് പുറത്തുവരുന്നു. 60 വയസ്സ് പൂർത്തിയായവരുടെ തൊഴിൽ പെർമിറ്റ് പുതുക്കാൻ മാൻപവർ അതോറിറ്റി ഏർപ്പെടുത്തിയ നിബന്ധന പ്രാബല്യത്തിൽ വരുന്നതോടെയാണ് ഇത്രയും പേർക്ക് തൊഴിൽ നഷ്ടമാകുക.

സിവിൽ ഇൻഫർമേഷൻ അഥോറിറ്റി പുറത്തു വിട്ട കണക്കനുസരിച്ചു രാജ്യത്തു താമസിക്കുന്ന അറുപതു വയസ്സ് പൂർത്തിയായ വിദേശികളിൽ 97,612 പേർ പന്ത്രണ്ടാം ക്ലാസ്സോ അതിൽ താഴെയോ മാത്രം യോഗ്യതയുള്ളവരാണ്. ഇത്തരക്കാർക്കു 2021 ജനുവരി ഒന്ന് മുതൽ തൊഴിൽ പെർമിറ്റ് പുതുക്കി നൽകേണ്ടെന്നാണ് മാൻപവർ അതോറിറ്റിയുടെ തീരുമാനം. വർക്ക് പെർമിറ്റ് ലഭിക്കാതെ താമസാനുമതി പുതുക്കാൻ കഴിയില്ല. ഫലത്തിൽ ഇത്രയും പേർക്കു അടുത്തവർഷം പ്രവാസം മതിയാക്കി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങേണ്ടി വരും.

60 വയസ്സിനു മുകളിൽ പ്രായമുള്ള അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള നിരവധി മലയാളികൾ കുവൈറ്റിലുണ്ട്. റെസ്റ്റോറന്റ്, ഗ്രോസറി തുടങ്ങിയ മേഖലകളിലാണ് ഇവരിൽ അധികപേരും തൊഴിലെടുക്കുന്നത്. ഇഖാമ കാലാവധി അവസാനിക്കാറായ പലരും ഇനി പുതുക്കി ലഭിക്കുമോ എന്ന ആശങ്കയിലാണ് കഴിയുന്നത്. ജനസംഖ്യാ ക്രമീകരണ നടപടികളുടെ ചുവടുപിടിച്ചാണ് മാൻ പവർ അതോറിറ്റി 60 കഴിഞ്ഞവരുടെ തൊഴിൽ പെർമിറ്റ് പുതുക്കുന്നതിന് ബിരുദം നിർബന്ധമാക്കിയത്

അതേസമയം കുവൈറ്റിൽ പൊതുമരാമത്തു മന്ത്രാലയത്തിൽ നിന്നും നാനൂറു വിദേശികളെ കൂടി ഒഴിവാക്കുന്നു. മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളിൽ അഡ്മിനിസ്‌ട്രേറ്റീവ് ലീഗൽ തസ്തികകൾ വഹിക്കുന്നവരെയാണ് പിരിച്ചു വിടുന്നത്. ഒഴിവു വരുന്ന തസ്തികകളിൽ കുവൈറ്റികളെ നിയമിക്കാനാണ് തീരുമാനം. പൊതുമേഖല പൂർണമായും സ്വദേശിവൽക്കരിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് നടപടി.

പൊതുമരാമത്ത് മന്ത്രാലയത്തിലും അനുബന്ധവകുപ്പുകളിലും തൊഴിലെടുക്കുന്ന വിദേശി ജീവനക്കാരുടെ എണ്ണം മന്ത്രാലയത്തിലെ മൊത്തം തൊഴിൽ ശേഷിയുടെ അഞ്ചു ശതമാനത്തിൽ കൂടരുതെന്ന നിർദേശമാണ് മന്ത്രി റാണ അൽ ഫാരിസ് വിവിധ വകുപ്പുകൾക്ക് നൽകിയിരിക്കുന്നത്. സേവനം അവസാനിപ്പിക്കുന്നതിനായി 550 ജീവനക്കാരുടെ പട്ടികയാണ് ആദ്യഘട്ടത്തിൽ തയാറാക്കിയിരുന്നത്. ഇതിൽ പബ്ലിക് വർക്ക്, റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി എന്നിവയിൽ നിന്ന് 150 ജീവനക്കാരുടെ സേവനം നേരത്തെ അവസാനിപ്പിച്ചിരുന്നു.

അതേസമയം കൊറോണ പ്രതിസന്ധിയുടെ സാഹചര്യത്തിൽ താമസക്കാരെ കിട്ടാനില്ലാത്തതിനാൽ അപ്പാർട്ട്മെൻ്റുകളുടെ വാടക ഗണ്യമായി കുറഞ്ഞു. ഏറ്റവും പ്രധാനപ്പെട്ട നഗരപ്രദേശങ്ങളിൽ പോലും അപ്പാർട്ട്മെൻ്റ് വാടക കുറയുകയാണ്. ജനപ്രിയ പ്രദേശങ്ങളായ സാൽമിയ , ഹവല്ലി എന്നീ ഏരിയയിലെ വാടക 15 മുതൽ 20 ശതമാനം വരെ കുറഞ്ഞുവെന്ന് റിപ്പോർട്ടിൽ പറയുന്നു .

ഒരു ബെഡ് റൂം അടങ്ങുന്ന അപ്പാർട്ട്മെന്റിന് 190 ദിനാറിൽ താഴെയാണ് ഇപ്പോൾ വാടക . രണ്ട് ബെഡ് റൂം അടങ്ങുന്ന അപ്പാർട്ട്മെന്റിന് 240 ദിനാറിനും താഴെയാണ് വാടക നിരക്ക്. ഒക്ടോബറിൽ ഇവിടങ്ങളിൽ വാടക യഥാക്രമം 230, 280 ദിനാറായിരുന്നു.

മഹബൗള . താൻ പ്രദേശത്തും അപ്പാർട്ട്മെന്റിന്റെ വാടക 25 ശതമാനം കുറഞ്ഞു . ഒരു ബെഡ് റൂം അടങ്ങുന്ന അപ്പാർട്ട്മെന്റിന് വാടക ഇപ്പോൾ 140 ദിനാറാണ് . രണ്ട് ബെഡ് റൂം അടങ്ങുന്ന അപ്പാർട്ട്മെന്റിന് വാടക 260 ദിനാറിൽ നിന്ന് 190 ദിനാറായും കുറഞ്ഞു.