വാട്​സ്​ആപ്പ്​ ബിസിനസ് ആപ്പ്​ ഉപയോഗിക്കുന്നവരിൽ നിന്നും തുക ഈടാക്കാൻ ഫെയ്സ് ബുക്ക്

കാലിഫോർണിയ: ഉപഭോക്താക്കളുമായി സംവദിക്കാൻ വാട്​സ്​ആപ്പ്​ സേവനം ഉപയോഗിക്കുന്ന ബിസിനസുകൾക്കായി ആപ്ലിക്കേഷനിൽ ഇ-കൊമേഴ്‌സ് ഓപ്ഷനുകളും ഹോസ്റ്റിംഗ് സേവനങ്ങളും ആരംഭിക്കുമെന്ന് ഫേസ്​ബുക്ക്​. ഇതിലൂടെ വാട്ട്‌സ്ആപ്പിൽ നിന്ന് വരുമാനം നേടാനുള്ള പദ്ധതിയുടെ ഭാഗമായി, പുതിയ നീക്കത്തിനൊരുങ്ങുകയാണ്​ ഫേസ്​ബുക്ക്​. വൈകാതെ ‘വാട്​സ്​ആപ്പ്​ ബിസിനസ്’​ ആപ്പ്​ ഉപയോഗിക്കുന്നവരിൽ നിന്നും തുക ഈടാക്കി തുടങ്ങുമെന്നും ഫേസ്​ബുക്ക്​ മുന്നറിയിപ്പ്​ നൽകുന്നുണ്ട്​.

മൊത്തത്തിൽ, ഷോപ്പിംഗ്, ഫേസ്ബുക്ക് ഹോസ്റ്റിംഗ് സേവനങ്ങൾ, ബിസിനസ് സെയിൽസ് എന്നീ മൂന്ന് വരുമാന സ്ട്രീമുകളാണ്​ ഫേസ്​ബുക്ക്​ വാട്​സ്​ആപ്പിൽ നിന്നും പ്രതീക്ഷിക്കുന്നത്​. പുതിയ മാറ്റം പ്രകാരം ബിസിനസുകൾക്ക്​ വാട്​സ്​ആപ്പിൽ അവരുടെ ഉത്​പന്നങ്ങൾ വിൽക്കാൻ സാധിക്കും.

ഫേസ്​ബുക്ക്​ ഷോപ്​സ്​ വഴിയാകും വിൽപ്പന. ‘ലഭ്യമായ ഉൽ‌പ്പന്നങ്ങൾ‌ പരിശോധിക്കുന്നതിനും ചാറ്റിൽ‌ നിന്നുതന്നെ ഉപയോക്​താക്കൾക്ക്​ സാധനങ്ങൾ വാങ്ങാനുമുള്ള സൗകര്യങ്ങൾ‌‌ വിപുലീകരിക്കുമെന്നും ഫേസ്​ബുക്ക്​ വ്യക്​തമാക്കി.

മറ്റൊരു സേവനം ഫേസ്​ബുക്ക്​ ഹോസ്റ്റിങ്​ ആണ്​. ബിസിനസുകൾക്ക്​ വാടസ്​ആപ്പ്​ മെസ്സേജുകൾ മികച്ച രീതിയിൽ മാനേജ്​ ചെയ്യാനുള്ള ഒാപ്​ഷനാണിത്​. വാട്​സ്​ആപ്പ്​ ബിസിനസ്​ ഉപയോഗിക്കുന്ന ചെറുകിട – ഇടത്തര ബിസിനസുകാർക്ക്​ അവരുടെ ചാറ്റ്​ ഹിസ്റ്ററിയും മെസ്സേജുകളും ഫേസ്​ബുക്ക്​ സെർവറുകകളിൽ സൂക്ഷിക്കാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കും.

വാട്​സ്​ആപ്പ്​ ബിസിനസിന്​ പണമീടാക്കാനുള്ള കാരണവും ഫേസ്​ബുക്ക്​ വെളിപ്പെടുത്തുന്നുണ്ട്​. രണ്ട്​ ബില്യണിലധികം വരുന്ന ആളുകൾക്ക്​ സൗജന്യമായി അതീവ സുരക്ഷയോടെയുള്ള ചാറ്റിങ്​, കോളിങ് അടക്കമുള്ള മികച്ച​ സൗകര്യങ്ങൾ വാട്​സ്​ആപ്പ്​ ഒരുക്കു​മ്പോൾ പണമടച്ചുള്ള സേവനം അവതരിപ്പിക്കുക വഴി തങ്ങളുടെ സ്വന്തം ബിസിനസും കെട്ടിപ്പടുക്കുന്നത്​ തുടരാൻ കഴിയുമെന്നാണ്​ ഫേസ്​ബുക്കി​ൻ്റെ പ്രതികരണം.