തമിഴ്നാട്ടിൽ കൊറോണ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പളനിസ്വാമിയുടെ വാഗ്ദാനത്തെ ചൊല്ലി വിവാദം

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊറോണ വൈറസ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ വാഗ്ദാനം. അതേസമയം, പളനിസ്വാമിയുടെ പ്രസ്താനക്കെതിരെ ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ രംഗത്തെത്തി. സൗജന്യ വാക്‌സിന്‍ നല്‍കേണ്ടത് ജനക്ഷേമ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പ്രത്യേക ഔദാര്യമല്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. ബിഹാറില്‍ കൊറോണ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രകടന പത്രികയില്‍ ബിജെപി ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും വാഗ്ദാനവുമായി രംഗത്തെത്തിയത്.

കൊറോണ വാക്‌സിന്‍ സൗജ്യനമായി നല്‍കുമെന്ന് പറഞ്ഞ് സ്വയം മഹത് വ്യക്തിയായി ചിത്രീകരിക്കാനാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ശ്രമം. സൗജന്യമായി വാക്‌സിന്‍ എത്തിക്കുകയാണ് ആദ്യം വേണ്ടത്. പകരം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാന്‍ മുഖ്യമന്ത്രിക്ക് മനസ്സാക്ഷിയില്ലേയെന്നും സ്റ്റാലിന്‍ ചോദിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ ഡിഎംകെ അധികാരത്തിലേറുമെന്നും സൗജന്യമായി വാക്‌സിന്‍ വിതരണം ചെയ്യുമെന്നും പാര്‍ട്ടി വക്താവ് എ ശരവണന്‍ പറഞ്ഞു.