സ്വവർഗ ലൈംഗികത; മാർപ്പാപ്പ ന്യായീകരിച്ചുവെന്നത് വസ്തുതാവിരുദ്ധം; സഭാപ്രബോധനത്തിൽ മാറ്റമില്ല: കെസിബിസി

കൊച്ചി: കുടുംബ ജീവിതത്തെക്കുറിച്ചും സ്വവർഗ ലൈംഗികതയെക്കുറിച്ചും കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് കെസിബിസി. ഫ്രാൻസെസ്‌കോ’ എന്ന പേരിൽ പുറത്തിറക്കുന്ന ഡോക്യുമെന്ററിയിൽ സ്വവർ​ഗ്​ഗ വിവാഹത്തിന്റെ സാധ്യതയെ ഫ്രാൻസിസ് മാർപ്പാപ്പ ന്യായീകരിച്ചുവെന്ന വാർത്ത വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണജനകവുമാണെന്ന് കെസിബിസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

വിവാഹം , കുടുംബജീവിതം എന്നിവയെക്കുറിച്ചുള്ള വിശ്വാസപരമായ പ്രബോധനങ്ങൾ ഡോക്യുമെന്ററികളിലൂടെയല്ല സഭ നടത്താറുള്ളത്. എൽജിബിടി അവസ്ഥകളിലുള്ളവർ ദൈവമക്കളാണെന്നും മാനുഷികമായ എല്ലാകരുതലും പരി​ഗണനയും സ്നേഹവും അവർ അർഹിക്കുന്നുണ്ടെന്നും ഫ്രാൻസിസ് മാർപ്പാപ്പ ഇതിന് മുമ്പും പഠിപ്പിച്ചിട്ടുള്ളതാണ്. സ്വവർ​ഗ്​ഗ ലൈം​ഗീക ആഭിമുഖ്യങ്ങളെയും സ്വവർ​ഗ്​ഗ ലൈം​ഗീക പ്രവർത്തികളെയും വേർതിരിച്ച് മനസ്സിലാക്കണമെന്നതാണ് സഭയുടെ നിലപാടെന്നും കെസിബിസി വ്യക്തമാക്കി.

സ്വവർഗ ലൈം​ഗീക ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് കുടുംബത്തിന് തുല്യമായ നിയമപരിരരക്ഷ നൽകണമെന്ന് മാർപ്പാപ്പ പറഞ്ഞിട്ടില്ലെന്നും കെസിബിസി പ്രസ്താവനയിൽ വ്യക്തമാക്കി. സ്വവർഗ ലൈംഗിക ബന്ധമുള്ളവരുടെ കൂടിത്താമസത്തെ വിവാഹമായി കത്തോലിക്ക സഭ പരിഗണിക്കില്ല. ലൈം ഗീക ധാർമ്മികതയെകുറിച്ച് നാളിതുവരെ സഭ നൽകിയിട്ടുള്ള പ്രബോധനത്തെ നിരാകരിക്കുന്ന യാതൊരു നിലപാടും ഫ്രാൻസിസ് മാർപ്പാപ്പ സ്വീകരിച്ചിട്ടില്ലെന്നും വ്യാജവാർത്തകളിൽ വിശ്വാസികളും പൊതുസമൂഹവും തെറ്റിദ്ധരിക്കപ്പെടരുതെന്നും കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ ബിഷപ് ജോസഫ് പാംപ്ലാനി വ്യക്തമാക്കി.