ബിജെപിയിലേക്കില്ലെന്ന് വ്യക്തമാക്കി ഹാസ്യനടന്‍ വടിവേലു

ചെന്നൈ: പ്രശസ്ത ഹാസ്യ നടന്‍ വടിവേലു ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. കുറെക്കാലമായി അഭിനയ മേഖലയില്‍ നിന്ന് വിട്ട് നിന്ന താരം ഇപ്പോള്‍ അഭിനയത്തിലേക്ക് തിരിച്ച് വരാന്‍ ഒരുങ്ങുകയാണ്. ഈ അവസരത്തിലാണ് നടന്‍ രാഷ്ട്രിയ പാര്‍ട്ടിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നത്.

മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് വേണ്ടി നടന്‍ പ്രചരണം നടത്തിയിരുന്നു. പിന്നീട് രാഷ്ട്രീയ രംഗത്ത് സജീവമായി താരത്തിനെ കണ്ടിരുന്നില്ല. തനിക്ക് രാഷ്ട്രീയത്തോട് താല്‍പര്യം ഇല്ലെന്നും ബിജെപിയില്‍ ചേരുന്നില്ലന്നും നടന്‍ വാര്‍ത്തകള്‍ക്ക് മറുപടിയായി പ്രതികരിച്ചു. ബിജെപിയില്‍ ചേരുന്നു എന്ന വാര്‍ത്ത വ്യാജമാണെന്നും താന്‍ രാഷ്ട്രിയത്തിലേക്ക് വരാന്‍ സാധ്യതയില്ലെന്നുമാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറഞ്ഞത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സിനിമ മേഖലയിലെ താരങ്ങളെ പാര്‍ട്ടിയിലേക്ക് എത്തിക്കാനുളള ശ്രമത്തിലാണ് ബിജെപി അംഗങ്ങള്‍. ഇതിനെത്തുടര്‍ന്നാണ് നടന്‍ വടിവേലുവും ബിജെപിയില്‍ ചേരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.നടന്‍ വിജയ് ബിജെപിയിലേക്കില്ലന്ന് പിതാവും സംവിധാകനുമായ എസ്എ ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

താന്‍ ബിജെപിയിലേക്ക് പോവുകയാണെന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിക്കവെയായിരുന്നു ഒരു ദേശീയ മാധ്യമത്തോട് ചന്ദ്രശേഖര്‍ മകന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും സൂചനകള്‍ നല്‍കിയത്.‘ജനങ്ങള്‍ ആവശ്യപ്പെടുന്ന സമയത്ത് വിജയ് രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും, ഒരു കാരണവശാലും ബിജെപിയില്‍ ചേരില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ ചേരുകയല്ല, മറിച്ച് സ്വന്തമായി ഒരു പാര്‍ട്ടി രൂപീകരിച്ചാവും വിജയ്‌യുടെ രാഷ്ട്രീയ പ്രവേശം എന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.